ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബജറ്റിൽ പ്രഖ്യാപിച്ച നികുതികൾ തൊഴിലാളികളെ ബാധിക്കില്ലെന്ന സർക്കാരിൻറെ പ്രഖ്യാപനം എല്ലാ രീതിയിലും യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന വിവരങ്ങളാണ് ഏറ്റവും പുതിയതായി പുറത്തു വരുന്നത്. തൊഴിൽ ഉടമകൾക്ക് ഏർപ്പെടുത്തിയ നാഷണൽ ഇൻഷുറൻസ് വർദ്ധനവിന്റെ ആഘാതം തൊഴിലാളികളുടെ വേതനത്തിൽ നേരിട്ടല്ലെങ്കിലും പ്രതിഫലിക്കുമെന്ന വാർത്ത മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് യുകെ മലയാളികളിൽ ഒരു വിഭാഗത്തിനെ കാര്യമായി ബാധിക്കും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യുകെ മലയാളികളിൽ ഭൂരിഭാഗവും എൻഎച്ച്എസിൻ്റെ കീഴിലാണ് ജോലി ചെയ്യുന്നത്. എൻഎച്ച്എസിനെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളെയും നികുതി വർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ എൻഎച്ച്എസിൻ്റെ തന്നെ സേവനങ്ങൾ നൽകുന്ന സ്വകാര്യ കെയർ ഹോമുകളെയും ഹോസ്പിസുകളെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. സ്വകാര്യ നേഴ്സിങ് ഹോമുകൾ നടത്തുന്ന ജിപികളെയും ദേശീയ ഇൻഷുറൻസിലെ വർദ്ധനവ് പ്രതികൂലമായി ബാധിക്കും.

നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് കെയർ ഹോമുകളെ കാര്യമായി ബാധിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒട്ടേറെ മലയാളികൾ ആണ് യുകെയിൽ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. കെയർ ഹോമുകളുടെ നടത്തിപ്പിലും മലയാളികൾ പങ്കാളികളായിട്ടുണ്ട്. നികുതി വർദ്ധനവ് മൂലം പ്രതിവർഷം 2 ലക്ഷം പൗണ്ട് അധികമായി ചിലവാകുമെന്നാണ് 6 കെയർ ഹോമുകൾ നടത്തുന്ന ഒരു കമ്പനി ഉടമ പറഞ്ഞത്. ജീവനക്കാരുടെ എണ്ണവും വേതനവും ചുരുക്കിയും നൽകുന്ന സേവനങ്ങൾക്ക് അധിക ചാർജ് ഈടാക്കിയും നാഷണൽ ഇൻഷുറൻസ് വർദ്ധനവിനെ നേരിടുവാൻ കെയർ ഹോം ഉടമകൾ ശ്രമിക്കുകയാണെങ്കിൽ അത് അവിടെ ജോലി ചെയ്യുന്ന നല്ലൊരു വിഭാഗം മലയാളികളെ പ്രതികൂലമായി ബാധിക്കും .