കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട കെമി ബാഡെനോക്ക് തൻറെ ഷാഡോ ക്യാബിനറ്റ് പൂർണമായും രൂപീകരിച്ചു. മുൻ പോളിസി മന്ത്രി ക്രിസ് ഫിൽപ്പിനെ ഷാഡോ ഹോം സെക്രട്ടറിയായി നിയമിച്ചു. അലക്സ് ബർഗാർട്ട് ആണ് പുതിയ ഡി-ഫാക്ടോ ഡെപ്യൂട്ടി. ഷാഡോ കാബിനറ്റിൽ ഷാഡോ ഡിഫൻസ് സെക്രട്ടറിയായി ജെയിംസ് കാർട്ട്‌ലിഡ്ജും ഉൾപ്പെടുന്നു. മുൻ ആരോഗ്യമന്ത്രി എഡ് ആർഗർ ഷാഡോ ഹെൽത്ത് സെക്രട്ടറിയാകും. ഷാഡോ ക്യാബിനറ്റിൻ്റെ ആദ്യ മീറ്റിംഗ് ഇന്ന് രാവിലെ നടന്നു.


പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കെമി ബാഡെനോക്ക് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത് . കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേയ്ക്കാണ് കൺസർവേറ്റീവ് പാർട്ടി കൂപ്പു കുത്തിയത്. പാർട്ടിക്ക് നഷ്ടപ്പെട്ട ജനപ്രീതി തിരിച്ചു പിടിക്കുകയാണ് കെമി ബാഡെനോക്കിൻ്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അനധികൃത കുടിയേറ്റത്തിനെതിരെയും എൻഎച്ച്എസിലെ കെടു കാര്യസ്ഥതയും ചൂണ്ടി കാണിച്ചാണ് പ്രധാനമായും ലേബർ പാർട്ടി അധികാരത്തിൽ എത്തിയത്. ബഡ്ജറ്റിനെ തുടർന്ന് ലേബർ പാർട്ടി സർക്കാരിൻ്റെ നയങ്ങളെ ശക്തമായി എതിർക്കാനാണ് ഷാഡോ മിനിസ്റ്റർമാരെ കെമി ബാഡെനോക്ക് പെട്ടെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം യൂണിവേഴ്സിറ്റി ഫീസ് വർദ്ധനവിനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ട്യൂഷൻ ഫീസ് വർധനയെക്കുറിച്ചുള്ള പാർലമെൻ്ററി പ്രസ്താവനയോട് പ്രതികരിക്കാൻ ലോറ ട്രോട്ടിനെയും ഷാഡോ എഡ്യൂക്കേഷൻ സെക്രട്ടറിയായി നേരെത്തെ പ്രഖ്യാപിച്ചിരുന്നു.