ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഞ്ച് ശതമാനത്തിൽ നിന്ന് 4.75 ശതമാനമായി പലിശ കുറയ്ക്കാനൊരുങ്ങി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി). ഓഗസ്റ്റിൽ 5.25 ശതമാനത്തിൽ നിന്ന് പലിശ കുറഞ്ഞിരുന്നു. ഈ ആഴ്ച അവസാനം പലിശ കുറയ്ക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. പാന്തിയോൺ മാക്രോ ഇക്കണോമിക്സിൻെറ പ്രവചനം അനുസരിച്ച് എംപിസി ബാങ്ക് നിരക്ക് ഓരോ പാദത്തിലും 25 ബെയ്സ് പോയിൻ്റുകൾ വീതം ക്രമേണ കുറയും, അതായത് അടുത്ത വർഷം അവസാനത്തോടെ 3.75 ശതമാനത്തിലേയ്ക്ക് പലിശാ നിരക്ക് എത്തും. പാന്തിയോൺ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച്, നവംബറിൽ 25 ബെയ്സ് പോയിൻ്റ് വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്.
ഡ്യൂഷെ ബാങ്ക് റിസർച്ചും നവംബർ 7 ന് ക്വാർട്ടർ പോയൻ്റ് കുറവുണ്ടാകുമെന്ന് പറയുന്നു. അതേസമയം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിൽ നിന്നുള്ള സ്റ്റീഫൻ മില്ലാർഡ് നവംബറിൽ പലിശ നിരക്ക് 4.75 ശതമാനമായി കുറയുമെന്ന് അവകാശപ്പെട്ടു. പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധാരണയായി പലിശ നിരക്കിൽ മാറ്റം വരുത്താറുണ്ട്. റേച്ചൽ റീവ്സിൻ്റെ സമീപകാല ബജറ്റ്, സർക്കാർ ചെലവുകളും തൊഴിലുടമ ചെലവുകളും വർദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് പണപ്പെരുപ്പത്തിന് കാരണമായേക്കാം.
2021 നും 2023 നും ഇടയിൽ, ഉയർന്ന പണപ്പെരുപ്പത്തെ നേരിടാൻ ബാങ്ക് നിരക്ക് 0.1% ൽ നിന്ന് 5.25% ആയി ഉയർത്തിയിരുന്നു. ഉയർന്ന പലിശനിരക്ക് ഉപഭോക്തൃ ചെലവ് കുറയ്ക്കുകയും കടം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കുകയും ചെയ്യുന്നു. ഇത് പണപ്പെരുപ്പം ഒരു പരിധി വരെ കുറയ്ക്കും. എന്നിരുന്നാലും അടുത്തിടെ പലിശാ നിരക്കിൽ കൊണ്ടുവന്ന വെട്ടിക്കുറവുകൾ ജനങ്ങൾക്ക് ഒരൽപം ആശ്വാസം തരുന്നുണ്ട്.
Leave a Reply