ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത ജോലി ഭാരവും ശമ്പള കുറവും കാരണം ഇംഗ്ലണ്ടിൽ ഒട്ടേറെ പേർ നേരത്തെ തന്നെ നേഴ്സിംഗ് ജോലി ഉപേക്ഷിക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) നടത്തിയ പഠനത്തിലാണ് രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയിലെ ദുരവസ്ഥ വെളിച്ചത്ത് കൊണ്ടുവന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നത്. ആദ്യത്തെ 10 വർഷം മാത്രം ജോലി ചെയ്തതിനുശേഷം ഏകദേശം 11,000 പേരാണ് നേഴ്സിംഗ് ജോലി ഉപേക്ഷിച്ചത്.


യുകെയിലെ നേഴ്‌സുമാരുടെയും മിഡ്‌വൈഫുകളുടെയും റെഗുലേറ്ററായ നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി), ഇംഗ്ലണ്ടിലെ നേഴ്‌സിംഗ് അസോസിയേറ്റ്‌സ് എന്നിവരുടെ കണക്കുകൾ പരിശോധിച്ചതിനു ശേഷമാണ് ആർസിഎൻ കണക്കുകൾ പുറത്തു വിട്ടത്. മോശം ജോലി സാഹചര്യങ്ങളും കുറഞ്ഞ ശമ്പളവും മൂലം നേഴ്സുമാർ ജോലിയോട് വിട പറയുന്നത് മൂലം എൻഎച്ച്എസ് വൻ പ്രതിസന്ധിയെയാണ് നേരിടുന്നത്. ജീവനക്കാരുടെ കുറവ് ഉണ്ടാകുന്നത് കൂടാതെ രോഗികൾക്ക് വേണ്ട രീതിയിൽ ചികിത്സ നൽകാൻ സാധിക്കാതിരിക്കുന്നതും കടുത്ത ജോലിഭാരം മൂലം മോശം മനോനിലയിലേയ്ക്ക് എത്തിച്ചേരുക തുടങ്ങിയവയാണ് ഇതിൻറെ പരിണിതഫലങ്ങൾ എന്ന് ആർസിഎന്നിൻ്റെ ജനറൽ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവുമായ പ്രൊഫ നിക്കോള റേഞ്ചർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മികച്ച ശമ്പളം എൻഎച്ച്സിലും പൊതുമേഖലയിലും കൂടുതൽ കാലം ജോലി ചെയ്യുന്നവരുടെ വായ്പകൾ എഴുതിത്തള്ളുക എന്നീ നടപടികളിലൂടെ നേഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരെ പിടിച്ചു നിർത്താനുള്ള നടപടികൾ സർക്കാരിൻറെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ആർസിഎൻ ആവശ്യപ്പെടുന്നത്. 2021 നും 2024 നും ഇടയിൽ 10 വർഷത്തിനുള്ളിൽ ജോലി ഉപേക്ഷിക്കുന്ന നേഴ്സുമാരുടെ എണ്ണം 43% വർദ്ധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ പുറത്തു പോകുന്നവരുടെ എണ്ണം 67% ആണ് വർദ്ധിച്ചത് . നേഴ്സുമാരുടെ കൊഴിഞ്ഞു പോക്ക് എൻഎച്ച്എസിലെ കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിനുള്ള സർക്കാർ പദ്ധതികളെ തകിടം മറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.