ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറച്ചിട്ടും മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. അടുത്തിടെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ 5 ശതമാനത്തിൽ നിന്ന് 4.75 ശതമാനമായി കുറച്ചത്. എന്നാൽ മോർട്ട്ഗേജ് ചെലവുകളെ ഇത് കാര്യമായി സ്വാധീനിച്ചിട്ടില്ലെന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
രണ്ട് വർഷത്തെ ഫിക്സഡ് ഡീലിൻ്റെ നിരക്കുകൾ ഇപ്പോൾ 5.5 ശതമാനമാണ്. ബാർക്ലേസ്, എച്ച്എസ്ബിസി, നാറ്റ്വെസ്റ്റ്, നേഷൻവൈഡ് എന്നിവ ഉൾപ്പെടെയുള്ള ലെൻഡേഴ്സ് അടുത്ത ദിവസങ്ങളിൽ പുതിയ ഫിക്സഡ് ഡീലുകളിൽ ഈടാക്കുന്ന നിരക്ക് വർദ്ധിപ്പിച്ചതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതിന് പിന്നാലെ മോർട്ട്ഗേജ് ചിലവുകൾ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന നല്ലൊരു ശതമാനം ആളുകൾക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.
നിരക്ക് വർദ്ധനവ് വായ്പ എടുക്കുന്നവർക്ക് ഒട്ടും സ്വാഗതാർഹമല്ലെന്ന് സാമ്പത്തിക വിദഗ്ധനായ ഡേവിഡ് ഹോളിംഗ്വർത്ത് പറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ വിപണിയിൽ മോർട്ട്ഗേജ് നിരക്കുകൾ നേരത്തെ പുന:ക്രമീകരിച്ചതാണ് നിലവിലെ വർദ്ധനവിന് കാരണമെന്ന അഭിപ്രായവും ഉയർന്നു വന്നിട്ടുണ്ട്. ഒട്ടേറെ യു കെ മലയാളികളാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് വീടും വാഹനവും മേടിക്കുന്നതിനായി ലോൺ എടുക്കാൻ പദ്ധതി ഇട്ടിരുന്നത്. നിലവിലെ വാർത്തകൾ ഇത്തരക്കാർക്ക് നിരാശ സമ്മാനിക്കുന്നതാണ്.
Leave a Reply