ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോവിഡ് തരംഗത്തിൻ്റെ പാരമ്യത്തിൽ എൻഎച്ച്എസ് കടുത്ത പ്രതിസന്ധിയെയാണ് നേരിട്ടതെന്നും പല ആശുപത്രികളിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ പിപിഇ കിറ്റുകൾ തീർന്നു പോകുന്ന ഗുരുതര സാഹചര്യം നിലനിന്നിരുന്നു എന്നും മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കോവിഡ് അന്വേഷണ കമ്മിറ്റി മുൻപാകെയാണ് മാറ്റ് ഹാൻകോക്ക് ഈ തുറന്നു പറച്ചിൽ നടത്തിയത്.

2020 ലെ മാർച്ച് മാസത്തോടെയാണ് യുകെയിൽ കോവിഡ് പടർന്നു പിടിക്കാൻ ആരംഭിച്ചത്. ആ വർഷം വസന്തകാലത്തു തന്നെ പല ആശുപത്രികളിലും മിക്ക സുരക്ഷാ ഉപകരണങ്ങളും തീരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന റിപ്പോർട്ടുകൾ കടുത്ത ഞെട്ടലാണ് പൊതു സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. കോവിഡിൻ്റെ സമയത്ത് യുകെയിലെ ആരോഗ്യ മേഖലയിലെ മുൻനിര പോരാളികൾ ആയി പ്രവർത്തിച്ചത് മലയാളി നേഴ്സുമാർ ആയിരുന്നു. ഫലപ്രദമായ വാക്സിനും മറ്റ് ചികിത്സാരീതികളും ഇല്ലാതിരുന്ന സമയത്ത് സ്വന്തം ജീവന് തന്നെ ഭീഷണി നേരിട്ടാണ് മിക്ക നേഴ്സുമാരും ജോലി ചെയ്തിരുന്നതെന്ന നഗ്ന സത്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .

2018 മുതൽ 2021 വരെ ആരോഗ്യ സെക്രട്ടറിയായിരുന്ന മാറ്റ് ഹാൻകോക്ക് കോവിഡ് അന്വേഷണ കമ്മിറ്റി നടത്തിയ ഏറ്റവും പുതിയ തെളിവെടുപ്പിലാണ് ഒട്ടേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വച്ചേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മതിയായ പി പി ഇ കിറ്റുകളുടെ അഭാവത്തിൽ ചില ആശുപത്രികളിൽ നഴ്സുമാർ ബിൻ ബാഗുകൾ ഉപയോഗിക്കാൻ നിർബന്ധിതരായി എന്ന റിപ്പോർട്ടിൻ്റെ വെളിച്ചത്തിലാണ് മാറ്റ് ഹാൻകോക്ക് ഏറ്റവും പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കോവിഡിന്റെ സമയത്ത് ഭരണംകൂടം കൈകൊണ്ട വിവിധ നടപടികളെ കുറിച്ച് വിശദമായ അന്വേഷണമാണ് നടത്തി കൊണ്ടിരിക്കുന്നത് . ഇതിൻറെ ഭാഗമായാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനെ വിസ്തരിച്ചത്.