തനിക്കെതിരെ അപകീർത്തികരമായ വീഡിയോ പങ്കുവച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നിയമനടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആർ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന പേരിൽ അപകീർത്തികരമായ വീഡിയോ പങ്കുവച്ച യൂട്യൂബ് ചാനലുകൾക്ക് എആർ റഹ്മാൻ വക്കീൽ നോട്ടീസ് അയച്ചു.
റഹ്മാന്റെ ബാൻഡിലെ മോഹിനി ഡേയുമായി ചേർത്തായിരുന്നു വാർത്തകൾ. ഇതിനെതിരെ റഹ്മാന്റെ മക്കളും മോഹിനി ഡേയും രംഗത്തെത്തിയിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി റഹ്മാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ 24 മണിക്കൂറിനകം നീക്കണമെന്നാണ് വക്കീൽ നോട്ടീസിലെ ആവശ്യം. വീഡിയോകൾ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹമോചനം പ്രഖ്യാപിച്ചതുമുതൽ ചില മാധ്യമങ്ങളും യൂട്യൂബർമാരും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ പ്രചരിപ്പിച്ചു. ഇവയിലൊന്നും സത്യത്തിന്റെ ഒരു കണികപോലും ഇല്ല എന്നാണ് റഹ്മാൻ പറയുന്നത്. റഹ്മാനെ അപകീർത്തിപ്പെടുത്താൻ സാങ്കൽപ്പികവും വ്യാജവുമായ കഥകൾ കെട്ടിച്ചമക്കുകയാണ് എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.
29 വർഷത്തെ ദാമ്പത്യ ജീവിതത്തിന് അവസാനമിട്ടാണ് എആർ റഹ്മാന്റെയും ഭാര്യ സൈറ ബാനു വേർപിരിയുന്നത്. വിവാഹ മോചനം സംബന്ധിച്ച് എ ആർ റഹ്മാനും സെെറ ബാനുവും നേരത്തെ പ്രസ്താവന പുറത്തിറക്കിയിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകളിലേക്ക് കടക്കരുതെന്നും ഇരുവരും അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ വിവാഹമോചന വാർത്തകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങളും അപകീർത്തികരമായവിവരങ്ങളും പ്രചരിച്ചിരുന്നു. 1995ലായിരുന്നു എ.ആർ. റഹ്മാനും സൈറയും വിവാഹിതരായത്. ദമ്പതികൾക്ക് ഖതീജ, റഹീമ, അമീൻ എന്നിങ്ങന്നെ മൂന്നു മക്കളാണ് ഉള്ളത്.
Leave a Reply