ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോവിഡ് കാലത്ത് നടന്ന വിവിധ തരത്തിലുള്ള അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ചാൻസലർ റേച്ചൽ റീവ്സ് കമ്മീഷനെ നിയമിച്ചു. കൺസർവേറ്റീവ് പാർട്ടി ക്യാബിനറ്റിൻ്റെ മുൻ ഉപദേഷ്ടാവ് ആയിരുന്ന ടോം ഹേഹോ ആണ് കോവിഡ് അഴിമതി കമ്മീഷണർ. ഇതു കൂടാതെ വഞ്ചനാപരമെന്ന് കണ്ടെത്തിയ നിരവധി കരാറുകൾ അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഹാമാരിയുടെ സമയത്ത് ഒപ്പുവെച്ച വിവിധ കരാറുകളുടെ പുനഃപരിശോധനയിലൂടെ ഖജനാവിന് ഏകദേശം 2.6 ബില്യൺ പൗണ്ട് തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് ചാൻസിലർ വിശ്വസിക്കുന്നത്. 7.6 ബില്യൺ പൗണ്ട് മൂല്യമുള്ള കോവിഡുമായി ബന്ധപ്പെട്ട തട്ടിപ്പ് പരിശോധിക്കാൻ എച്ച്എംആർസി, സീരിയസ് ഫ്രോഡ് ഓഫീസ്, നാഷണൽ ക്രൈം ഏജൻസി എന്നിവയുമായി ചേർന്ന് കമ്മീഷണർ പ്രവർത്തിക്കുമെന്ന് ട്രഷറി മുമ്പ് പറഞ്ഞിരുന്നു.

ടോം ഹേഹോ ഇന്ന് തന്നെ കോവിഡ് കമ്മീഷൻ ആയുള്ള പ്രവർത്തനം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൺസർവേറ്റീവ് സർക്കാർ എഴുതി തള്ളിയ കരാറുകളിൽ 674 മില്യൺ പൗണ്ട് ഉടൻ അവലോകനം ചെയ്യുന്നതിന് വിധേയമാകുമെന്ന മാധ്യമ വാർത്തകൾ പുറത്തു വന്നു കഴിഞ്ഞു. മാർഗരറ്റ് താച്ചറുടെ കീഴിൽ ടോറി കാബിനറ്റ് മന്ത്രി പീറ്റർ വാക്കറുടെ ഉപദേശകനായി ജോലി ആരംഭിച്ച ടോം ഹേഹോ ആരോഗ്യ സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ വിദഗ്ധനായിട്ടാണ് അറിയപ്പെടുന്നത്.

മഹാമാരിയുടെ സമയത്ത് നടന്ന പല കരാർ ഇടപാടുകളും കടുത്ത വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. പി പി ഇ കിറ്റുകൾക്കായി ചെലവഴിച്ച തുകയെ കുറിച്ച് വൻ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇത്തരം വിവാദ ഇടപെടലിലൂടെ ഖജനാവിന് നഷ്ടമായ മുഴുവൻ തുകയും തിരിച്ചു പിടിക്കാനുള്ള നീക്കമാണ് ചാൻസിലറിന്റെ ഭാഗത്തു നിന്നും ആരംഭിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് നടന്ന അഴിമതിയിലൂടെ നഷ്ടമായ പൊതു പണം തിരിച്ചുപിടിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ടോം ഹേഹോവിൻ്റെ നിയമനം. പുതിയ കമ്മീഷൻ ഒരു വർഷത്തിനകം ഗവൺമെന്റിന് റിപ്പോർട്ട് നൽകണം.