ന്യൂസ് ഡെസ്ക്, മലയാളം യുകെ
40 വർഷം മുമ്പ് ഗ്രേറ്റർ മാഞ്ചസ്റ്ററിൽ നടന്ന സ്കൂൾ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ വിവരങ്ങൾക്കായി അപ്പീൽ ആരംഭിച്ചതിന് പിന്നാലെ പോലീസ് 50,000 പൗണ്ട് പാരിതോഷികം വാഗ്ദാനം ചെയ്തു. 1984-ൽ ലീയിലെ ബോണിവെൽ റോഡിലുള്ള വീട്ടിൽ നിന്ന് 200 മീറ്ററിൽ താഴെയുള്ള ഒരു ഇടവഴിയിൽ 14 കാരിയായ ലിസ ഹെസിയോണിനെ കഴുത്ത് ഞെരിഞ്ഞ് കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി.
ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) പറയുന്നതനുസരിച്ച്, പെൺകുട്ടിയുടെ അമ്മ ക്രിസ്റ്റീൻ മകൾ രാത്രി 10.30 – ന് തിരികെ എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു. എന്നാൽ 15 മിനിറ്റിന് ശേഷവും ലിസ വരാതിരുന്നതിനെ തുടർന്ന് കാണാതായ വിവരം പോലീസിനെ അറിയിച്ചു. സംഭവ സ്ഥലത്ത് നിന്ന് ഒരു ഡിഎൻഎ സാമ്പിൾ ലഭിച്ചിട്ടും ഇതുവരെയും കൊലയാളിയെ കണ്ടെത്താൻ ആയിട്ടില്ലെന്ന് പോലീസ് സേന പറയുന്നു.
തൻ്റെ മകളുടെ കൊലപാതകത്തിന് ഉത്തരവാദി ആരാണെന്ന് അറിയാതെ ലിസയുടെ അമ്മ ക്രിസ്റ്റീൻ 2016 ൽ മരിച്ചു. സംഭവ ദിവസം രാത്രി അസ്വാഭാവികമായി എന്തെങ്കിലും കണ്ടാവരോ അല്ലെങ്കിൽ അന്വേഷണത്തെ സഹായിക്കാൻ കഴിയുന്ന വിവരങ്ങളുളവരോ ഉണ്ടെങ്കിൽ മുന്നോട്ടുവരാൻ പൊതുജനങ്ങളോട് ജിഎംപി ആവശ്യപ്പെട്ടു. ലിസയുടെ കൊലയാളിയെ തിരിച്ചറിയുന്നതിനായുള്ള വിവരണങ്ങൾ നൽകുന്നവർക്ക് 50,000 പൗണ്ട് പാരിതോഷികം ഇപ്പോഴും ലഭ്യമാണ്. എന്ത് ചെറിയ വിവരവും കൊലയാളിയെ കണ്ടെത്താൻ സഹായിക്കുമെന്ന് പോലീസ് സേന പറഞ്ഞു.
Leave a Reply