സീറോ ടോളറൻസ് നയം നടപ്പാക്കാൻ ഒരുങ്ങി കവൻട്രി ആൻഡ് വാർവിക്ഷയർ പാർട്ണർഷിപ്പ് എൻഎച്ച്എസ് ട്രസ്റ്റ് (സിഡബ്ല്യുപിടി). ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം നിലനിർത്തുന്നതിനാണ് ഇങ്ങനെ ഒരു നയം സ്വീകരിച്ചിരിക്കുന്നത്. 2021 ൽ “നോ എസ്ക്യൂസ് ഫോർ അബ്യുസ്” എന്ന പ്രചാരണം മുതൽ ജീവനക്കാർക്ക് ജോലി ചെയ്യാൻ സാധിക്കുന്ന സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം എന്ന തങ്ങളുടെ ലക്ഷ്യം ട്രസ്റ്റ് ഉയർത്തി കാട്ടിയിരുന്നു. ജീവനക്കാർക്കെതിരെ ആക്രമണം നടത്തുന്ന കുറ്റവാളികൾക്ക് ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ സി ഡബ്ല്യു പി ടി, പോലീസുമായി ചേർന്ന് പ്രവർത്തിക്കും.
കഴിഞ്ഞ രണ്ട് വർഷകാലയളവിൽ ജീവനക്കാർക്കെതിരെ നടന്ന അക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ സി ഡബ്ല്യു പി ടിക്ക് സാധിച്ചു. ഒരു ജീവനക്കാരനെ തിളച്ച വെള്ളം കൊണ്ട് ആക്രമിച്ച ഒരു രോഗിക്ക് 18 ആഴ്ച തടവ് ശിക്ഷ ലഭിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പ്രസ്തുത സംഭവത്തിലെ ഇരയ്ക്ക് നഷ്ടപരിഹാരമായി 250 പൗണ്ട് നൽകുകയും ചെയ്തു. ഇത് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും തൊഴിലിടങ്ങളിലെ അക്രമങ്ങൾക്ക് ഉചിതമായ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമുള്ള സി ഡബ്ല്യു പി ടി യുടെ നയത്തെ എടുത്ത് കാട്ടുന്നവയാണ്.
സി ഡബ്ല്യു പി ടി, കവൻട്രി, വാർവിക്ഷയർ എന്നിവയിലുടനീളമുള്ള 50 ഓളം സൈറ്റുകളിൽ പ്രവർത്തിക്കുന്നുണ്ട്. കവെൻട്രി, വാർവിക്ഷയർ, സോളിഹൾ എന്നിവിടങ്ങളിലെ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ട ചികിത്സകൾ ഇവിടെ നൽകുന്നു. ട്രസ്റ്റിനുള്ളിൽ എൻ എച്ച് എസ് സ്റ്റാഫുകൾക്ക് വംശീയത, വിവേചനം, ഉപദ്രവം തുടങ്ങിയവ നേരിടേണ്ടി വന്നാൽ ശക്തമായി അതിനെതിരെ പ്രതികരിക്കുമെന്ന് ചീഫ് നേഴ്സിംഗ് ഓഫീസറും ഡെപ്യൂട്ടി സിഇഒയുമായ മേരി മംവൂരി പറയുന്നു.
Leave a Reply