നമ്മുടെ കർത്താവായ ഈശോമിശിഹായുടെ പിറവിത്തിരുനാളിന്റെ മംഗളങ്ങൾ ഏവർക്കും ഞാൻ ആശംസിക്കുന്നു. പിറവിത്തിരുനാളിൽ എന്റെ മനസ്സിൽ വരുന്ന തിരുവചനം ലൂക്കായുടെ സുവിശേഷം 2:7 ആണ്: “മറിയം തന്റെ കടിഞ്ഞൂൽ പുത്രനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി .” ബനഡിക്ട് പതിനാറാമൻ പാപ്പാ ഈ തിരുവചനം വ്യാഖ്യാനിച്ചുകൊണ്ട് നമ്മെ പഠിപ്പിച്ചു: പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടക്കുന്ന ഉണ്ണീശോ ബലി വേദിയിലെ ബലിവസ്തുവാണ് എന്ന്. സഭയുടെ പ്രാർത്ഥനകളിൽ നാം ഇപ്രകാരം കാണുന്നു: “പിതാവായ ദൈവം തൻറെ പ്രിയപുത്രനെ സ്ലീവായിൽ മരിക്കാൻ ഞങ്ങളുടെ പക്കലേക്കയച്ചു. ” “മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി ഏകജാതനും വചനവുമായ ദൈവം പിതാവിനോടുള്ള സമാനത പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി, ദാസന്റെ രൂപം സ്വീകരിച്ചു. ”

വചനം റൂഹായാൽ മറിയത്തിൽ നിന്ന് മനുഷ്യ ശരീരം സ്വീകരിക്കുന്നത്, മഹനീയവും വിസ്മയവഹവുമായ രക്ഷാ പദ്ധതി മുഴുവനും ലോകത്തിൻറെ കാലത്തിൻറെ തികവിൽ തന്റെ കരങ്ങൾ വഴി നിറവേറ്റാനും പൂർത്തിയാക്കാനുമാണ് . ഈശോയുടെ പിറവിത്തിരുനാളിനെ രക്ഷാകര പദ്ധതിയിൽ നിന്നു വേർപെടുത്തി കാണരുതെന്നാണ് ആരാധനക്രമത്തിൽ നിന്നും വിശുദ്ധ ഗ്രന്ഥത്തിൽ നിന്നും നാം മനസ്സിലാക്കുന്നത്.

മറിയം പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് ഉണ്ണീശോയെ കിടത്തിയത് ബേത് ലെഹേമിലാണ്. ബേത്‌ലെഹെം എന്നതുകൊണ്ട് നാം മനസ്സിലാക്കേണ്ടത് അപ്പത്തിന്റെ ഭവനം എന്നാണ്. വിശുദ്ധ കുർബാനയിൽ നാം ഇപ്രകാരം കേൾക്കുന്നു: ഈശോ തന്റെ പരിശുദ്ധമായ കരങ്ങളിൽ അപ്പമെടുത്തു വാഴ്ത്തി വിഭജിച്ച് അരുൾ ചെയ്തു: ‘ ഇതു ലോകത്തിൻറെ ജീവനുവേണ്ടി, പാപമോചനത്തിനായി വിഭജിക്കപ്പെടുന്ന എൻറെ ശരീരമാകുന്നു. നിങ്ങളെല്ലാവരും ഇതിൽനിന്ന് വാങ്ങി ഭക്ഷിക്കുവിൻ . ‘ പാപമോചനത്തിനായി ചിന്തപ്പെടുന്ന എൻറെ രക്തമാകുന്നു. ‘ വിഭജിക്കപ്പെടാനുള്ള ശരീരവും ചിന്തപ്പെടാനുള്ള രക്തവുമാണ് ഉണ്ണീശോ. എല്ലാവരും വാങ്ങി ഭക്ഷിക്കേണ്ട ഭക്ഷണവും പാനം ചെയ്യേണ്ട പാനീയവുമാണ് ഉണ്ണീശോ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആധ്യാത്മിക വർഷമായി ആചരിക്കുന്ന ഈ വർഷത്തെ പിറവി ത്തിരുനാളിന് കൂടുതലായി വചനം ശ്രവിക്കാനും അതനുസരിച്ച് ജീവിതത്തെ വിലയിരുത്തി കുമ്പസാരിക്കാനും വിശുദ്ധ കുർബാനയിൽ പങ്കുചേർന്ന് ഈശോയുടെ ശരീരരക്തങ്ങളോട് ഐക്യപ്പെടാനും എല്ലാവർക്കും സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും, എല്ലാവർക്കും തിരുപ്പിറവിയുടെയും നവവത്സരത്തിന്റെയും മംഗളങ്ങൾ ആശംസിക്കുകയും ചെയ്യുന്നു.