ബിജോയ് സെബാസ്റ്റ്യൻ
പ്രിയപ്പെട്ടവരെ,
ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഏറ്റവും മനോഹരമായ ഒരു കാലഘട്ടമാണ്. മിക്കവാറും എല്ലാ ക്രിസ്മസും ഞാൻ ക്ലിനിക്കലിൽ ജോലി ചെയ്തു സഹപ്രവർത്തകരുടെ കൂടെയാണ് ആഘോഷിച്ചിരുന്നത്. ഫിലിപ്പിനോ കൂട്ടുകാരുടെ പാൻസെറ്റും ആഫ്രിക്കൻ കൂട്ടുകാരുടെ ജോലോഫ് റൈസും ഐറിഷ്/ ഇഗ്ലീഷുകാരുടെ റോസ്റ്റും പലതരം കേക്കുകളും ചീസുകളുമൊക്കെ ചേർന്ന വാർഡ് ക്രിസ്മസും , വീട്ടിലെത്തിയാൽ പാതി തുറന്ന കണ്ണുകളുമായി വീട്ടുകാരും കട്ട ചങ്ക് കൂട്ടുകാരുമൊത്ത് വീട്ടിലെ ക്രിസ്മസും.
ഈ പുതു വർഷത്തിൽ ഞാൻ ഒരു പുതിയ ചുമതലയിലേയ്ക്ക് കടക്കുകയാണ്. യുകെയിലെ മുഴുവൻ നേഴ്‌സുമാരെയും ഹെൽത്ത് കെയർ സപ്പോർട് വർക്കേഴ്സിനെയും പ്രതിനിധീകരിക്കുന്ന ഈ ഉത്തരവാദിത്വത്തിൽ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
യുകെയിലെ മലയാളി സമൂഹം എന്റെ കരിയറിലും പൊതുജീവിതത്തിലും തന്ന നിസ്വാർത്ഥമായ പിന്തുണയ്ക്കും സ്നേഹത്തിനും സഹകരണത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കും .
കോവിഡ് കാലത്ത് ഇടയ്ക്കൊന്ന് പ്രഭ മങ്ങിപ്പോയെങ്കിലും ചെറുതും വലുതുമായ ഒട്ടനവധി ഒത്തു ചേരലുകൾക്കും സാമൂഹികവും കുടുംബപരമായുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന മനോഹരമായ ഒരു അവസരമാണ് ക്രിസ്സ്മസ് നമുക്ക് മുൻപിൽ വയ്ക്കുന്നത്.
ക്രിസ്മസ് കാലത്തിന്റെ ഏറ്റവും വലിയ സവിശേഷതകളാണ് പരസ്പരമുള്ള കരുതലും കൊടുക്കലുകളും. സ്വന്തം നാടിനും ജീവിക്കുന്ന സമൂഹത്തിനും തങ്ങളുടേതായ ആവശ്യങ്ങൾ മാറ്റി വെച്ചു പോലും സംഭാവന ചെയ്യുന്നവർ യു കെയിലെ മലയാളി സമൂഹത്തോളം മറ്റൊരിടത്തും കാണാൻ ഇടയില്ല . വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും കോവിഡ് കാലത്തുമൊക്കെ ഈ ചേർത്ത് പിടിക്കലുകൾ നമ്മൾ കണ്ടതാണ്.
അതോടൊപ്പം ജോലി സ്ഥലങ്ങളിലും തങ്ങളുടെ കഴിവിന്റെ പരമാവധിയും അതിനപ്പുറവും നൽകുന്ന മലയാളി സമൂഹം യുകെയിൽ ആരോഗ്യ സംരക്ഷണ രംഗത്തിന്റെ നെടും തൂണുകളാണ്. വിഭവ പരിമിതമായ സാഹചര്യത്തിൽ പോലും അനേകായിരം കുടുംബങ്ങൾക്ക് ഇന്ന് അവരോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന കുടുംബാംഗങ്ങളെ അവരിലേയ്ക്ക് തിരികെ എത്തിക്കുവാൻ കഴിഞ്ഞത് നമ്മുടെ കൃത്യമായ സയന്റിഫിക് പ്രൊഫെഷണൽ പ്രാക്റ്റീസും അർപ്പണ മനോഭാവവും കഠിനധ്വാനവും കൊണ്ട് കൂടിയാണ് എന്ന് നമുക്ക് തീർച്ചയായും അഭിമാനിക്കാം.
ഈ ക്രിസ്‌മസിൽ വ്യക്തിപരമായി നമ്മളെ കുറിച്ച് തന്നെ ഓർക്കാൻ ഒരു നിമിഷം മാറ്റി വെച്ചാലോ ? ജോലിത്തിരക്കിന്റെയും കുടുംബ പരമായ ചുമതലകൾക്കും അപ്പുറം ഞാൻ എന്ന വ്യക്തി എനിക്ക് വേണ്ടി എന്ത് ചെയ്തു ? ഇഷ്ടമുള്ള ഹോബികളോ സ്പോർട്സിലോ, പ്രൊഫെഷണൽ ഉയർച്ചകളോ, ബിസിനസ് ഐഡിയകളോ , ജീവിതശൈലി മാറ്റമോ, സാമൂഹിക പ്രവർത്തനത്തിലോ യാത്രകളോ എന്തുമായിക്കോട്ടെ ? നിങ്ങളുടെ മനസ്സിന് സന്തോഷം നൽകുന്ന എന്തെകിലും ഒരു കാര്യത്തിനായി അല്പസമയം ചിന്തിക്കാനും പ്ലാനിങ്ങിനായും മാറ്റി വെക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഇനി അങ്ങനെ ഒന്നും ചെയ്തില്ലേലും ഒരു കുഴപ്പവുമില്ല. സന്തോഷമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
ശാന്തതയും സമാധാനവും നിറഞ്ഞ ക്രിസ്മസും സമൃദ്ധമായ ഒരു പുതു വത്സരവും എല്ലാവർക്കും ആശംസിക്കുന്നു…
ഒത്തിരി സ്നേഹത്തോടെ,
ബിജോയ് സെബാസ്റ്റ്യൻ
Leave a Reply