ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വർഷം മുതൽ യുകെയിൽ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസുകൾ നടപ്പിലാക്കി തുടങ്ങും എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഡ്രൈവിംഗ് ലൈസൻസ് എന്നതിലുപരി ഒരു തിരിച്ചറിയൽ രേഖയായി ഇത് ഉപയോഗിക്കപ്പെടുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വോട്ട് ചെയ്യാനും ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യാനും മദ്യം വാങ്ങാനും ഈ രേഖ ഉപയോഗിക്കാൻ സാധിക്കും.
സാധാരണ ലൈസൻസുകൾ നൽകുന്നത് ഭാവിയിൽ പൂർണ്ണമായും നിർത്തലാക്കില്ലെന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ പേപ്പർ ലൈസൻസുകൾ ഇനിയും നൽകുന്നതിൽ മന്ത്രിമാരുടെ ഇടയിൽ തന്നെ എതിർപ്പുണ്ടന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനും പൊതു സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഗവൺമെൻറ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഡിജിറ്റൽ രേഖകൾ നിർബന്ധമാക്കിയാൽ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് എതിർപ്പ് ഉണ്ടാവാനുള്ള സാധ്യതയും സർക്കാരിൻറെ മുൻപിലുണ്ട്.
സൂപ്പർമാർക്കറ്റുകൾ പോലെയുള്ള സെൽഫ് ചെക്ക് ഔട്ടുകളിൽ പ്രായം തെളിയിക്കുന്നതിനായി ഇനി തൊട്ട് ഡിജിറ്റൽ ലൈസൻസുകൾ ഉപയോഗിക്കാൻ സാധിക്കും . സർക്കാർ ഡാറ്റ പ്രകാരം 2023 ൽ യുകെയിൽ 50 ദശലക്ഷത്തിലധികം പൂർണ്ണ അല്ലെങ്കിൽ താൽക്കാലിക ഡ്രൈവിംഗ് ലൈസൻസ് ഉടമകൾ ഉണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകൾക്കുള്ള ബാങ്കിംഗ് ആപ്പുകളെ പോലെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് സംവിധാനങ്ങളും സുരക്ഷിതമാണെന്നാണ് അറിയാൻ സാധിച്ചത്. ലൈസൻസിന്റെ യഥാർത്ഥ ഉടമയ്ക്ക് മാത്രമേ പൂർണമായി വിവരങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കുകയുള്ളൂ. ബയോമെട്രിക്സ്, മൾട്ടിഫാക്ടർ ഓതന്റിക്കേഷൻ തുടങ്ങിയ നിരവധി സ്മാർട്ട്‌ഫോണുകളിൽ കാണുന്ന സുരക്ഷാ മുൻകരുതലുകൾ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസിൻ്റെ കാര്യത്തിലും നടപ്പിലാക്കും .
Leave a Reply