ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. നാല്പത്തിയഞ്ച് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദേശം നല്കി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വ്യാഴാഴ്ച യോഗം വിളിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.
മരണങ്ങളുടെ വിശദീകരിക്കാനാകാത്ത സ്വഭാവം ആശങ്കാജനകമാണ്. രോഗകാരണം കണ്ടെത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. പ്രശ്നം പരിഹരിക്കാന്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും യോഗത്തില്‍ ഒമർ അബ്ദുള്ള പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിനും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ മന്ത്രി സക്കീന, ചീഫ് സെക്രട്ടറി അടല്‍ ദുല്ലൂ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
2024 ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇവയിലൊന്നും മരണകാരണം കണ്ടെത്താനായിരുന്നില്ല.
ഇത് സാംക്രമികരോഗമാണെന്ന് കരുതാവുന്ന സാഹചര്യമില്ലെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ജമ്മു കശ്മീര്‍ ആരോഗ്യ വകുപ്പും മറ്റ് വകുപ്പുകളും വിഷയത്തിൽ അന്വേഷണം നടത്തിയെങ്കിലും മരണങ്ങൾ സംബന്ധിച്ച് ശരിയായ വസ്തുതകള്‍ കണ്ടെത്താനായില്ലെന്ന് കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കി.
കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏര്‍പ്പെടുത്തിയ വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
	
		

      
      



              
              
              




            
Leave a Reply