ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുടുംബമായി യുകെ സന്ദർശിക്കാൻ തയ്യാറെടുക്കുന്ന സമയത്ത് തങ്ങളെ കബളിപ്പിച്ച ബർമിംഗ്ഹാം സ്വദേശിയായ മലയാളിയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ഡോ. സൗമ്യ സരിൻ രംഗത്ത് വന്നു. മനസ്സിൽ ദുഷ്ടതയും കൊടിയ വിഷവും ഉള്ളവർക്ക് മാത്രമേ ഈ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കുകയുള്ളൂ എന്നാണ് അവർ തൻ്റെ ഏറ്റവും പുതിയ ലൈവ് വീഡിയോയിൽ പറഞ്ഞത്.
ഡിസംബർ 24ന് ആരംഭിച്ച യുകെ സന്ദർശനത്തിന് മുൻപും അതിനുശേഷവും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത മിസ്റ്റർ ബി എന്ന് അവർ പരാമർശിച്ച യു കെ മലയാളിയുമായി ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നതായി ഡോ. സൗമ്യ പറഞ്ഞു. യുകെയിലെ യാത്രയ്ക്ക് മുമ്പ് അവരുടെ കേരളത്തിലെ വീട്ടിലെത്തിയിരുന്നു. അപ്പോൾ മിസ്റ്റർ ബിയുടെ അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് സൗമ്യ ലൈവ് വീഡിയോയിൽ പറഞ്ഞത്. അമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു. ഇതു കൂടാതെ യുകെയിൽ നിന്ന് മടങ്ങി എത്തിയതിനു ശേഷവും പൊതുവായ ചില സുഹൃത്തുക്കൾ വഴിയായി തങ്ങൾക്ക് നഷ്ടമായ ഭീമമായ തുക മിസ്റ്റർ ബിയിൽ നിന്ന് തിരിച്ചു പിടിച്ച് പ്രശ്നം രമ്യതയിൽ തീർക്കാനും ശ്രമിച്ചിരുന്നു.
എന്നാൽ ഒത്തുതീർപ്പ് ചർച്ചയിൽ വിചിത്രമായ രണ്ട് ആവശ്യങ്ങൾ ആണ് മിസ്റ്റർ ബി ഉന്നയിച്ചത് എന്നാണ് സൗമ്യ പറയുന്നത് . ഒന്നാമത്തേത് തൻ്റെ പ്രായമായ അമ്മയെ ഭീഷണിപ്പെടുത്തിയതിനുള്ള മാപ്പ് അപേക്ഷയാണ്. രണ്ടാമത്തേത് മിസ്റ്റർ ബി വഴിയായി ബുക്ക് ചെയ്ത റൂമുകൾ ക്യാൻസൽ ചെയ്തത് മൂലം അയാൾക്കുണ്ടായ മാനനഷ്ടത്തിന് ക്ഷമ ചോദിക്കലാണ് . ഇതു രണ്ടും ചെയ്തില്ലെങ്കിൽ താനും ലൈവ് വീഡിയോയിൽ വന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് അയാൾ പറഞ്ഞതായും ഡോ. സൗമ്യ വെളിപ്പെടുത്തി.
ട്രിപ്പ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രം നടന്ന ഹീനമായ സംഭവത്തിൽ തങ്ങൾക്ക് പിടിവള്ളിയായത് നല്ലവരായ യു കെ മലയാളികളുടെ നിസ്വാർത്ഥമായ സഹായങ്ങൾ ആണെന്ന് ഡോ. സൗമ്യ പറഞ്ഞിരുന്നു. ഏതായാലും മലയാളം യുകെ യ്ക്ക് പറയാനുള്ളത് സത്യം പുറത്തുവരണമെന്നാണ്. പരിചയമില്ലാത്ത ഒരു നാട്ടിലേക്ക് വരുന്ന മലയാളി കുടുംബത്തിന് ഉണ്ടായ ദുരനുഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ അധികം താമസിയാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡോ. സൗമ്യ സരിൻ സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ പേർ ഫോളോ ചെയ്യുന്ന ആളാണ്. ശിശുരോഗ വിദഗ്ധയായ അവരുടെ ആരോഗ്യ സംബന്ധമായും അല്ലാതെയുമുള്ള ലൈവ് വീഡിയോകൾ കാണുകയും കമന്റിടുകയും ചെയ്യുന്നവർ നിരവധിയാണ്. നേരത്തെ കോൺഗ്രസിന്റെ മീഡിയാ സെല്ലിന്റെ ചാർജ് വഹിച്ചിരുന്ന, പിന്നീട് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകുകയും ചെയ്ത ഡോ. സരിൻ ആണ് സൗമ്യയുടെ ഭർത്താവ്. ഡോ. സൗമ്യയും ഭർത്താവും മകളുമായി യുകെയിൽ നടത്തിയ യാത്രയുടെ വിശേഷങ്ങൾ അവർ സമൂഹമാധ്യമങ്ങളിൽ പലപ്പോഴായി പങ്കുവെച്ചിരുന്നു. യുകെ യാത്രയ്ക്കായി തയ്യാറെടുക്കുന്ന സമയത്ത് ഉണ്ടായ വളരെ മോശമായ അനുഭവത്തെ കുറിച്ച് ജനുവരി 19-ാം തീയതി ഡോ. സൗമ്യ സരിൻ തന്റെ ലൈവ് വീഡിയോയിലൂടെ വെളിപ്പെടുത്തിയത് വൻ ചർച്ചയായിരുന്നു. സാധാരണ ഗതിയിൽ ട്രിപ്പ് പോകുമ്പോൾ വിശ്വസനീയമായ ഏജൻസികൾ വഴിയാണ് അവർ യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പതിവിന് വിപരീതമായി യുകെ യാത്രയിൽ സ്വന്തമായി ടിക്കറ്റുകളും റൂമുകളും ബുക്ക് ചെയ്യാനും യാത്ര പ്ലാൻ ചെയ്യാനുമാണ് ഡോക്ടർ ശ്രമിച്ചത്. ഇതിൻറെ ഭാഗമായാണ് ബർമിംഗ്ഹാമിൽ നിന്നുള്ള ഒരു മലയാളി അവരുടെ ഏതോ സുഹൃത്തിൻറെ പരിചയത്തിന്റെ പേരിൽ രംഗപ്രവേശനം ചെയ്തത്. അദ്ദേഹം സൗമ്യയ്ക്ക് വേണ്ടി എയർ ടിക്കറ്റ് ബുക്ക് ചെയ്യുകയും വിശ്വാസം ആർജിക്കുകയും ചെയ്തു . എന്നാൽ ചതിയും വിശ്വാസവഞ്ചനയും മറനീക്കി പുറത്തുവന്നത് പിന്നീടുള്ള സംഭവങ്ങളിലൂടെയാണ്. റൂമുകളും ടിക്കറ്റുകളും എടുക്കാനായി നല്ലൊരു തുക അയാൾ കൈക്കലാക്കിയതായി ഡോ. സൗമ്യ പറയുന്നു. ലണ്ടനിൽ ബുക്ക് ചെയ്ത റൂമിന്റെ റേറ്റ് വളരെ കൂടിയതിനെ തുടർന്ന് ക്യാൻസൽ ചെയ്ത് കുറച്ചു കൂടി കുറഞ്ഞ റേറ്റിൽ റൂം ബുക്ക് ചെയ്യാൻ പറഞ്ഞതോടെയാണ് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ബർമിംഗ്ഹാമിൽ താമസിക്കുന്ന മലയാളിയുടെ യഥാർത്ഥ മുഖം വെളിച്ചത്ത് വന്നത്. ബുക്കിംഗ് ക്യാൻസൽ ചെയ്താൽ അടച്ച പണം നഷ്ടപ്പെടുമെന്ന് അയാൾ ഭീഷണി പെടുത്തി. എന്നാൽ അയാൾ പണമടയ്ക്കാതെയാണ് ബുക്ക് ചെയ്തത് എന്ന് വ്യക്തമായിരുന്നു. അതു മാത്രമല്ല 24 മണിക്കൂറിന് മുമ്പ് ഏത് സമയവും ബുക്കിംഗ് ക്യാൻസൽ ചെയ്യാനുള്ള സ്വാതന്ത്ര്യം കസ്റ്റമറിന് നൽകുന്ന ആപ്പ് വഴിയാണ് അയാൾ ബുക്ക് ചെയ്തിരുന്നത്.
റൂമിനായി മാത്രമല്ല കാർ റെന്റ് എടുക്കുന്നതിനും അയാൾ നല്ലൊരു തുക ഇതിനകം കൈക്കലാക്കിയിരുന്നു. ഇതുകൂടാതെ ഡ്രൈവ് ചെയ്ത് തൻറെ കുടുംബത്തോടൊപ്പം യുകെ ആകെ യാത്ര ചെയ്യാമെന്ന വാഗ്ദാനം പ്രസ്തുത വ്യക്തി നൽകിരുന്നു . തങ്ങൾ അയച്ച പണം തിരികെ ചോദിച്ചതോടെയാണ് വഞ്ചനയുടെയും ചതിയുടെയും നേർ ചിത്രം പുറത്തുവന്നത് എന്ന് ഡോ. സൗമ്യ പറയുന്നു .
യുകെ പോലുള്ള അന്യനാടുകൾ സന്ദർശിക്കുമ്പോൾ അടുത്ത് പരിചയമില്ലാത്തവരെ അമിതമായി ആശ്രയിക്കരുതെന്നാണ് സൗമ്യ തൻറെ വീഡിയോയിലൂടെ നൽകുന്ന ഉപദേശം. ഏതെങ്കിലും രീതിയിൽ പണം അയച്ച് കൊടുത്ത് ബുക്ക് ചെയ്യുന്ന സാഹചര്യം വന്നാൽ സ്വന്തം പേരിൽ തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തന്നെ ബുക്ക് ചെയ്യണമെന്ന് ഡോ. സൗമ്യ പറഞ്ഞു. ബർമിംഗ്ഹാമിൽ താമസിക്കുന്ന യു കെ മലയാളി എത്ര രൂപയാണ് കബളിപ്പിച്ചത് എന്ന് ഡോ. സൗമ്യ തൻറെ വീഡിയോയിൽ വെളിപ്പെടുത്തിയിട്ടില്ല. നിയമനടപടികളുമായി മുന്നോട്ടു പോകുന്നതുകൊണ്ടാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താത്തത് എന്ന് അവർ പറഞ്ഞു. ചതിയുടെയും വഞ്ചനയുടെയും വിഷമതകൾക്കിടയിൽ യുകെയിൽ നിന്നുള്ള ഒട്ടേറെ പേരുടെ സ്നേഹവും കരുതലും തന്റെ ട്രിപ്പിനെ മനോഹരമാക്കിയതായും അവർ തൻറെ ലൈവ് വീഡിയോയിൽ പറയുന്നുണ്ട്.
Leave a Reply