അനധികൃതമായി കുടിയേറിയ 104 ഇന്ത്യക്കാരെ കൈവിലങ്ങിട്ടും കാല്‍ ബന്ധിച്ചും അമേരിക്കന്‍ സൈനികവിമാനത്തില്‍ മനുഷ്യത്വരഹിതമായി തിരിച്ചെത്തിച്ചെന്നാരോപിച്ച് പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിപക്ഷബഹളം. പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടായിരുന്നു ബഹളം.

‘മനുഷ്യരാണ്, തടവുകാരല്ല’ എന്ന പ്ലക്കാര്‍ഡുമേന്തി കൈകള്‍ ചങ്ങലയ്ക്കിട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഖിലേഷ് യാദവും അടക്കമുള്ള പ്രതിപക്ഷനേതാക്കളും എം.പി.മാരും പാര്‍ലമെന്റിനുപുറത്തും പ്രതിഷേധിച്ചു. നാടുകടത്തല്‍പ്രക്രിയ പുതിയതല്ലെന്നും വര്‍ഷങ്ങളായി തുടരുന്നതാണെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ വിശദീകരിച്ചെങ്കിലും അമേരിക്ക സൈനികവിമാനം ഉപയോഗിച്ച കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി.

അമേരിക്കയുടെ മനുഷ്യവിരുദ്ധനടപടി തടയാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ സുഹൃത്തെന്നവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചില്ലെന്ന് ‘ഇന്ത്യ’ സഖ്യകക്ഷികള്‍ കുറ്റപ്പെടുത്തി. സഭ നിര്‍ത്തിവെച്ചതിനുപിന്നാലെ പുറത്തെത്തിയ പ്രതിപക്ഷാംഗങ്ങള്‍ മകരദ്വാറിനുമുന്നില്‍, ‘ഇന്ത്യക്കാര്‍ അപമാനിക്കപ്പെട്ടു, ഇന്ത്യ നിശ്ശബ്ദരായിരിക്കില്ല’, ‘മനുഷ്യത്വവിരുദ്ധതയ്‌ക്കെതിരേ ഐക്യം’ തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി സമരം തുടങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദേശത്ത് അനധികൃതമായി താമസിക്കുന്നത് കണ്ടെത്തിയാല്‍ പൗരരെ തിരിച്ചെടുക്കേണ്ടത് എല്ലാ രാജ്യത്തിന്റെയും കടമയാണെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ പറഞ്ഞു. ഇത് ഏതെങ്കിലും പ്രത്യേക രാജ്യത്തിന് ബാധകമായ നയമല്ല, ഇന്ത്യമാത്രം നടപ്പാക്കുന്ന നയവുമല്ല -മന്ത്രി പറഞ്ഞു.

നാടുകടത്തല്‍ പുതിയ കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, 2009 മുതല്‍ അമേരിക്ക ഇന്ത്യയിലേക്കയച്ച അനധികൃത കുടിയേറ്റക്കാരുടെ കണക്കും നല്‍കി. സ്ത്രീകളും കുട്ടികളും ബന്ധിക്കപ്പെടില്ല എന്ന് ഉറപ്പുകിട്ടിയിരുന്നു. യാത്രയ്ക്കിടയില്‍ ഭക്ഷണവും അടിയന്തര ചികിത്സയുള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങളും പരിഗണിക്കുമെന്നും ഉറപ്പുലഭിച്ചു. മുമ്പ് സൈനികവിമാനം ഇതുപോലെ ഉപയോഗിച്ചിരുന്നോ, ചങ്ങലയില്‍ ബന്ധിച്ചിരുന്നോ എന്ന് ജോണ്‍ ബ്രിട്ടാസും പി. സന്തോഷ്‌കുമാറും അടക്കമുള്ള പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചപ്പോള്‍, വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത് അമേരിക്കന്‍ ഇമിഗ്രേഷന്റെ അധികാരത്തെ ആശ്രയിച്ചാണെന്നും നടപടിക്രമം, അത് സൈനിക വിമാനമായാലും ചാര്‍ട്ടേഡ് വിമാനമായാലും ഒന്നുതന്നെയാണെന്നും മന്ത്രി മറുപടിനല്‍കി. ഇതോടെ അമേരിക്കയെയാണ് മന്ത്രി പ്രതിരോധിക്കുന്നതെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

യു.എസില്‍നിന്ന് നാടുകടത്തിയവരെ തിരികെക്കൊണ്ടുവരാനായി കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇടപെട്ടില്ല. ഇന്ത്യയില്‍നിന്ന് സൈനികവിമാനമോ ചാര്‍ട്ടര്‍ വിമാനമോ അയക്കാമായിരുന്നില്ലേ. യാത്രക്കാരെ കൈവിലങ്ങണിയിച്ചും ചങ്ങലകൊണ്ട് ബന്ധിച്ചും യു.എസ്. സൈനികവിമാനത്തില്‍ കൊണ്ടുവരുന്നതിനെ കൊളംബിയ എതിര്‍ത്തിരുന്നു.