ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- എൻ എച്ച് എസിൽ ദന്ത വിഭാഗത്തിൽ ഉണ്ടായ പ്രതിസന്ധി മൂലം ചികിത്സയ്ക്കായി രോഗികൾ കൊടും തണുപ്പിൽ തെരുവിൽ ക്യൂ നിൽക്കേണ്ട സാഹചര്യത്തിൽ എത്തിയിരിക്കുകയാണ്. ബ്രിസ്റ്റോളിലെ ഒരു ഡെന്റൽ ക്ലിനിക്കിന്റെ മുൻപിലാണ് രോഗികൾ ചികിത്സയ്ക്കായി തെരുവിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്. നിരവധി മൈലുകൾ സഞ്ചരിച്ചാണ് വീട്ടിൽ നിന്നും ഇവർ ഇവിടേയ്ക്കായി എത്തുന്നതെന്നും, ചിലർക്ക് ജീവന് ഭീഷണിയുള്ള ഇൻഫെക്ഷനുകൾ വരെയുള്ള സാഹചര്യമുണ്ടെന്നും രോഗികൾ പറയുന്നു. ജനിച്ചതിനു ശേഷം ഇതുവരെ ദന്ത് ഡോക്ടറെ കാണാൻ സാധിക്കാത്ത കുട്ടികൾ പോലും ഇവിടെയുണ്ടെന്ന് മിറർ പത്രം റിപ്പോർട്ട് ചെയ്തു. ദന്തൽ വിഭാഗത്തിനുള്ള ടോറി ഫണ്ടിംഗ് വെട്ടിക്കുറച്ചതിന്റെ ഫലമായി ദശലക്ഷക്കണക്കിന് ആളുകൾക്ക് എൻ എച്ച് എസ് പരിചരണം ലഭിക്കാതെ വന്ന സാഹചര്യവും ഉണ്ടായിരുന്നു. 96% ദന്തഡോക്ടർമാരും പുതിയ എൻ എച്ച് എസ് രോഗികളെ ചികിത്സിക്കുന്നില്ലെന്നും മിറർ റിപ്പോർട്ട് ചെയ്തിരുന്നു. ഡോക്ടർമാർ ഇല്ലാതെ ആളുകൾക്ക് സ്വന്തം പല്ലുകൾ തനിയെ പറിച്ചെടുക്കേണ്ട സാഹചര്യം പോലും നിലവിലുണ്ട്. സ്വകാര്യ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ കടം വാങ്ങുകയും ചെയ്യുന്നതിന്റെ ഭയാനകമായ കഥകളും വേദനാജനകമാണ്. ഒരു വർഷം മുമ്പ്, ബ്രിസ്റ്റലിലെ സെന്റ് പോൾസ് പ്രാക്ടീസ് പുതിയ എൻഎച്ച്‌എസ് രോഗികൾക്കായി അനുവദിക്കപ്പെട്ടപ്പോൾ, വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസിനെ വിളിക്കേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നു.
ബ്രിസ്റ്റോളിന് പുറത്തുള്ള സ്ഥലങ്ങളിൽ നിന്നു പോലും രോഗികൾ ഇവിടെ എത്തുന്നുണ്ട്. ചികിത്സയ്ക്കായി ഒരു വർഷത്തിനു മുകളിൽ കാത്തിരിക്കേണ്ടി വന്ന പലരും തങ്ങളുടെ അനുഭവങ്ങൾ മിറർ പത്രത്തോട് വ്യക്തമാക്കി. ഇംഗ്ലണ്ടിൽ 12 മില്യണിൽ അധികം ആളുകൾക്കാണ് കഴിഞ്ഞവർഷം ദന്തചികിത്സ ലഭിക്കാതെ പോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആരോഗ്യ ബഡ്ജറ്റിൽ ഏറ്റവും കുറവ് വിഹിതവും ലഭിക്കുന്നത് ഈ വിഭാഗത്തിനാണ്. അതിനാൽ തന്നെ ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആവശ്യമാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
Leave a Reply