ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഭവന വിലകൾ കുതിച്ചുയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിൽ ശരാശരി പ്രോപ്പർട്ടി വില 299,138 പൗണ്ട് ആയി ആണ് ഉയർന്നത് . ഇത് ഭവന വില നിലവാരത്തിലെ റെക്കോർഡ് ആണെന്ന് ഹാലി ഫാക്സ് പറഞ്ഞു. ഡിസംബറിൽ ഭവന വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ബഡ്ജറ്റിലെ നിർദ്ദേശം അനുസരിച്ച് ഏപ്രിൽ മാസത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി കൂടും. ഇതിനെ മുന്നിൽ കണ്ട് കൂടുതൽ ആളുകൾ ഭവന വിപണിയിൽ പ്രവേശിച്ചതാണ് വില കുതിച്ചുയരുന്നതിന് കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നത്. ഇംഗ്ലണ്ടിലെയും വടക്കൻ അയർലൻഡിലെയും കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ഈ വർഷം ഏപ്രിലിൽ അവസാനിക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലെ ബജറ്റിൽ ചാൻസലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചിരുന്നു. വീട് വാങ്ങുന്നവർ ഇപ്പോൾ 250,000 പൗണ്ടിന് പകരം 125,000 പൗണ്ടിന് മുകളിലുള്ള പ്രോപ്പർട്ടികൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതായി വരും .
നിലവിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് 425,000 പൗണ്ട് വരെയുള്ള ഭവനങ്ങൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. എന്നാൽ ഈ വില പരുധി ഏപ്രിൽ മാസം മുതൽ 300,000 പൗണ്ട് ആയി കുറയും. നിലവിൽ വീട് വാങ്ങുന്നതിന് ഏറ്റവും കൂടുതൽ പണം ചിലവഴിക്കേണ്ടി വരുന്ന സ്ഥലം ലണ്ടനാണ്. ലണ്ടനിൽ ശരാശരി നിലവിൽ 548288 പൗണ്ട് ആണ്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 2.8 ശതമാനം വർദ്ധനവ് ആണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം പലിശ നിരക്ക് 4.75 ശതമാനത്തിൽ നിന്ന് 4.50 ശതമാനമായി കുറച്ചിരുന്നു. പലിശ നിരക്ക് കുറച്ചത് കൂടുതൽ പേർ ഭവന വിപണിയിൽ പ്രവേശിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. ഇത് വീണ്ടും ഭവന വില കുതിച്ചുയരുന്നതിന് കാരണമാകുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
Leave a Reply