ന്യൂസ് ഡെസ്ക്, മലയാളം യുകെ
പണം ഇടപാടുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ ജിമെയിലിൽ നിന്ന് ചോർത്തിയെടുക്കാൻ ഹാക്കർമാർ ശ്രമിക്കുമെന്ന സുപ്രധാന മുന്നറിയിപ്പ് ജിമെയിൽ അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾക്ക് ഗൂഗിൾ നൽകി. തങ്ങളുടെ 1.8 ബില്യൺ ജിമെയിൽ ഉപഭോക്താക്കൾക്കാണ് ഹാക്കർമാരുടെ ആക്രമണത്തെ കുറിച്ച് റെഡ് അലർട്ട് നൽകിയിരിക്കുന്നത്.
സുരക്ഷാ ക്രമീകരണങ്ങൾ മറികടക്കാൻ കഴിവുള്ള ഡീപ്ഫേക്ക് റോബോകോളുകളും ഈമെയിലുകളും വഴി ആക്രമണം നടത്താൻ എഐ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയതായി ഒരു ഫോൺ കോൾ ലഭിക്കുകയും പ്രശ്നം പരിഹരിക്കാനുള്ള നടപടികളുമായി ഒരു ഇമെയിലിൽ വരുന്ന നിർദ്ദേശങ്ങൾ പിന്തുടരണമെന്ന് അറിയിക്കുകയും ചെയ്യും . ഈ ഇമെയിൽ ഗൂഗിളിൻ്റേതുമായി സാമ്യമുള്ള ഒരു വ്യാജ വെബ്സൈറ്റിൽ നിന്നാണ് അയക്കപ്പെടുന്നത് . ഇത് ഉപയോക്താക്കളെ അവരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകാൻ പ്രേരിപ്പിക്കുന്നു. ഇങ്ങനെ സൈബർ കുറ്റവാളികൾ ആയിരക്കണക്കിന് ഉപഭോക്താക്കളെ കബളിപ്പിച്ച് അവരുടെ അക്കൗണ്ടിലേയ്ക്ക് നുഴഞ്ഞു കയറിയതായാണ് സംശയിക്കപ്പെടുന്നത്. ഗൂഗിൾ നൽകുന്ന വിവിധ സേവനങ്ങളിലേയ്ക്ക് നുഴഞ്ഞുകയറി ഉപഭോക്താക്കളുടെ സുപ്രധാന വിവരങ്ങൾക്ക് കവർന്നെടുക്കാൻ ഇതുവഴി സൈബർ കുറ്റവാളികൾക്ക് സാധിക്കും.
ഉപഭോക്താക്കൾ ആവശ്യമായ ജാഗ്രത പാലിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിനും സുപ്രധാന വിവരങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാകുമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് കുറ്റവാളികൾ ഇരകളെ കബളിപ്പിക്കാൻ അത് ഉപയോഗിക്കുന്നത് സർവ്വസാധാരണമായി കൊണ്ടിരിക്കുകയാണ്. ഇത്തരം തട്ടിപ്പ് സംഘങ്ങൾക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ചേർത്തലയിൽ കഴിഞ്ഞ ദിവസം സമാനമായ സംഭവത്തിൽ ഡോക്ടർ ദമ്പതിമാരിൽ നിന്ന് 7.65 കോടിയാണ് കുറ്റവാളികൾ കവർന്നെടുത്തത് . ഈ സംഭവങ്ങളിൽ രണ്ട് തായ്വാൻ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
Leave a Reply