ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിർദ്ദിഷ്ട ഇന്ത്യ യു കെ വ്യാപാര കരാർ പ്രാവർത്തികമാക്കാനുള്ള ചർച്ചകൾക്കായി ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് ഇന്ത്യയിൽ എത്തി. ഇന്ന് ഫെബ്രുവരി 24-ാം തീയതി ഉന്നത തല ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2028 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് പ്രവചനം. അതുകൊണ്ടു തന്നെ കരാറിനെ വളരെ പ്രാധാന്യത്തോടെയാണ് ബ്രിട്ടൻ ഉറ്റുനോക്കുന്നത്. നിർദ്ദിഷ്ട വ്യാപാര കരാറിനായുള്ള ചർച്ചകൾ 2022 ജനുവരിയിലാണ് ആരംഭിച്ചത്. യുകെയിലും ഇന്ത്യയിലും നടന്ന പൊതു തിരഞ്ഞെടുപ്പുകളെ തുടർന്ന് ഇടക്കാലത്ത് ചർച്ചകൾ നിർത്തിവച്ചിരുന്നു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുക എന്നതാണ് കരാർ പ്രധാനമായും ലക്ഷ്യമിടുന്നത്.
കരാർ യാഥാർത്ഥ്യമായാൽ ഇരുരാജ്യങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാൻ പോകുന്നത്. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുക എന്നതാണ് കരാർ ലക്ഷ്യമിടുന്നത്. ഇത്തരം കരാറുകൾ രണ്ട് രാജ്യങ്ങളും തമ്മിൽ വ്യാപാരം ചെയ്യുന്ന വസ്തുക്കളുടെ തീരുവ പരമാവധി ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കസ്റ്റംസ് തീരുവയില്ലാതെ നിരവധി ഉൽപ്പന്നങ്ങൾക്ക് വിപണി പ്രവേശനം നൽകുന്നതിനൊപ്പം, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് യുകെ വിപണിയിൽ കൂടുതൽ പ്രവേശനം നൽകണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത് . മറുവശത്ത്, സ്കോച്ച് വിസ്കി, ഇലക്ട്രിക് വാഹനങ്ങൾ, ആട്ടിറച്ചി, ചോക്ലേറ്റുകൾ, ചില മധുരപലഹാരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ ഗണ്യമായ കുറവ് വരുത്തണമെന്ന് യുകെ ആഗ്രഹിക്കുന്നു.
ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പ്രവർത്തനം തുടങ്ങാൻ കഴിയുമോ എന്ന് തുടങ്ങിയ പല കാര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സമവാക്യം ഉണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ഡിജിറ്റൽ മീഡിയ കമ്പനികൾ ഇന്ത്യൻ ഉടമസ്ഥതയിലുള്ളവ ആയിരിക്കണം എന്ന ഒരു നിയമം ഇന്ത്യ പാസാക്കിയത് ആണ് ഒരു തടസമായി നിലനിൽക്കുന്നത് . ബിബിസിയുൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നിന്ന് ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് . പക്ഷേ നിലവിലെ നിയമങ്ങൾ ഇതിന് കീറാമുട്ടിയായി നിൽക്കുന്ന സാഹചര്യത്തിൽ എന്ത് സമവാക്യം ഉണ്ടാക്കാം എന്ന സാധ്യതകളെ കുറിച്ചാണ് ഇരുപക്ഷവും ചർച്ചകൾക്കായി വീണ്ടും ഒരുമിക്കുന്നത്.
Leave a Reply