ന്യൂസ് ഡെസ്ക്, മലയാളം യുകെ
അയർലൻഡിലെ കിൽക്കെനിയിൽ മലയാളി യുവാവ് മരണമടഞ്ഞു. 38 വയസ്സ് മാത്രം പ്രായമുള്ള അനീഷ് ശ്രീധരനാണ് അകാലത്തിൽ വിടവാങ്ങിയത്. 38 വയസു മാത്രം പ്രായമുള്ള അനീഷ് കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരണമടയുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
എറണാകുളം ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേൽ വീട്ടിൽ കെ.ഐ. ശ്രീധരന്റെയും ശാന്തിയുടെയും മകനാണ് അനീഷ് . നേഴ്സായ ഭാര്യ ജ്യോതി കിൽക്കെനി സെന്റ് ലൂക്ക്സ് ജനറൽ ഹോസ്പിറ്റലിൽ ജോലിചെയ്യുകയാണ്. എട്ടുവയസ്സുകാരി ഗിവാന്യ 10 മാസം മാത്രം പ്രായമുള്ള സാദ്‌വിക് എന്നീ രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത്. ഭാര്യ ജ്യോതിയുടെ ഡിപെൻഡൻ്റ് വിസയിൽ മൂന്ന് വർഷം മുൻപാണ് അനീഷ് യുകെയിൽ എത്തുന്നത്. ഇന്ന് കുടുംബത്തോടൊപ്പം നാട്ടിൽ പോകാൻ ടിക്കറ്റ് വരെ എടുത്ത് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായ അവസരത്തിലാണ് തീരാ നോവായി അനീഷ് വിടവാങ്ങിയത്. അനീഷിന്റെ പത്ത് മാസം പ്രായം മാത്രമുള്ള രണ്ടാമത്തെ കുട്ടിയെ മാതാപിതാക്കളെയും ബന്ധുക്കളെയും ആദ്യമായി കാണിക്കാൻ കൊണ്ടുപോകുന്നതിന്റെ സന്തോഷം അനീഷ് കൂട്ടുകാരോട് പലപ്രാവശ്യം പങ്കുവെച്ചിരുന്നു.
യുകെയിൽ എത്തിയിട്ട് മൂന്നുവർഷം മാത്രമേ ആയുള്ളൂവെങ്കിലും കിൽക്കെനിയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി ഇടപെടുന്ന ആളായിരുന്നു അനീഷ് . കിൽക്കെനി മലയാളി അസ്സോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു.
അനീഷ് ശ്രീധരൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply