ന്യൂസ് ഡെസ്ക്, മലയാളം യുകെ
തടങ്കലിൽ വെച്ചിരിക്കുന്ന ബ്രിട്ടീഷ് വയോധിക ദമ്പതികളെ ഉടൻ മോചിപ്പിക്കുമെന്ന് താലിബാൻ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി ഒന്നിന് രാജ്യത്തെ ബാമിയാൻ പ്രവിശ്യയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പീറ്റർ റെയ്നോൾഡ്സ് (79), ഭാര്യ ബാർബി (75) എന്നിവർ അറസ്റ്റിലായത്. ദമ്പതികൾക്കൊപ്പം ഒരു അമേരിക്കൻ പൗരനെയും ഒരു അഫ്ഗാൻകാരനെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. അവരുടെ കുടുംബത്തെ പിന്തുണയ്ക്കുന്നതായി യുകെ വിദേശകാര്യ ഓഫീസ് തിങ്കളാഴ്ച അറിയിച്ചിരുന്നു.
അറസ്റ്റിലായ മൂന്ന് വിദേശ പൗരന്മാർക്കും അഫ്ഗാൻ പാസ്പോർട്ടും ദേശീയ ഐഡി കാർഡും ഉണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാനുള്ള കാരണം എന്താണെന്ന് ഇതുവരെ താലിബാൻ വ്യക്തമാക്കിയിട്ടില്ല. 18 വർഷമായി ബ്രിട്ടീഷ് ദമ്പതികൾ അഫ്ഗാനിസ്ഥാനിൽ അമ്മമാർക്കും കുട്ടികൾക്കും ഉൾപ്പെടെ പരിശീലന പരിപാടികൾ നടത്തി വരുകയായിരുന്നു. 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം താലിബാൻ നിരോധിക്കുകയും സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്തിട്ടും അവരുടെ പ്രവർത്തനങ്ങൾ പ്രാദേശിക അധികാരികൾ അംഗീകരിച്ചിരുന്നു.
രണ്ട് ആഴ്ചയിലേറെയായി ഇവരെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്ന് മകൾ സാറ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ബാത്ത് സർവ്വകലാശാലയിൽ വച്ച് കണ്ടുമുട്ടിയ ദമ്പതികൾ 1970-ൽ കാബൂളിൽ വച്ച് ആണ് വിവാഹിതരായത് . 2009 മുതൽ അവർ കാബൂളിലെ അഞ്ച് സ്കൂളുകളിൽ അമ്മമാരെയും കുട്ടികളെയും പരിശീലിപ്പിക്കുന്ന ബാമിയാനിലെ ഒരു പ്രോജക്റ്റിലും പരിശീലന പദ്ധതികൾ നടത്തിവരുകയായിരുന്നു.
2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനാൽ ഭൂരിഭാഗം ബ്രിട്ടീഷ് വംശജരും അഫ്ഗാനിസ്ഥാനിൽ നിന്ന് വിട പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ ജീവനക്കാരിൽ ഭൂരിപക്ഷവും നിർബന്ധിച്ചത് കൊണ്ട് പീറ്റർ റെയ്നോൾഡ്സും (79), ഭാര്യ ബാർബി (75) യും അവിടെത്തന്നെ തുടരുകയായിരുന്നു. തടങ്കലിലായതിനുശേഷം തുടക്കത്തിൽ തങ്ങളുടെ മക്കളുമായി മെസ്സേജുകളിലൂടെ ബന്ധം നിലനിർത്താൻ അവർക്ക് സാധിക്കുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷേ ഏതാനും ദിവസങ്ങൾക്ക് ശേഷം ദമ്പതികളുടെ ഒരു വിവരവും ലഭിക്കുന്നില്ല എന്നാണ് മകൾ പറഞ്ഞത്. സന്ദേശങ്ങൾ നിലച്ചിട്ട് രണ്ടാഴ്ചയിലേറെയായതിനാൽ അവർ കഠിന തടങ്കലിലാണെന്ന് ഭയപ്പെടുന്നതായി നോർത്താംപ്ടൺഷെയറിലെ ഡാവെൻട്രിയിൽ താമസിക്കുന്ന മിസ് എൻറ്റ്വിസിൽ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ മാതാപിതാക്കളെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് മിസ് എൻറ്റ്വിസ്റ്റലും അവളുടെ മൂന്ന് സഹോദരങ്ങളും താലിബാന് ഒരു കത്ത് എഴുതിയിട്ടുണ്ട്. സ്ട്രോക്ക് വന്നതിനുശേഷം തന്റെ പിതാവിന് ഹൃദ് രോഗത്തിനുള്ള മരുന്ന് കഴിക്കുന്നതായും തടങ്കലിൽ അത് ലഭ്യമാണോ എന്ന ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.
രണ്ട് ബ്രിട്ടീഷ് പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ തടവിലാക്കിയതായി വിദേശകാര്യ ഓഫീസ് അറിയിച്ചു. എന്നാൽ യുകെ താലിബാനെ അംഗീകരിക്കാത്തതിനാലും കാബൂളിൽ എംബസി ഇല്ലാത്തതിനാലും സഹായം നയതന്ത്ര സഹായം ലഭ്യമാക്കാൻ പരിമിതികൾ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്.
Leave a Reply