ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഉക്രെയിന് 1.6 ബില്യൺ പൗണ്ടിന്റെ മിസൈൽ കരാർ നൽകുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. റഷ്യ ഉക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന യൂറോപ്യൻ രാജ്യങ്ങളുടെ ഉച്ചകോടി സമാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളും കാനഡയും ഉക്രെയിന് സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 17 യൂറോപ്യൻ നേതാക്കളും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഉക്രെയ്നിന് സമാധാനം ഉറപ്പാക്കുന്നതിനുള്ള അടുത്ത ഘട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്ത യോഗത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയും പങ്കെടുത്തിരുന്നു.
ഉക്രെയിന് യുകെയുടെ പിൻതുണ അചഞ്ചലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. റഷ്യയുടെ നിയമവിരുദ്ധ യുദ്ധം അവസാനിപ്പിക്കാനും ഉക്രെയ്നിന് പരമാധികാരത്തിലും സുരക്ഷയിലും അധിഷ്ഠിതമായ ഒരു ശാശ്വത സമാധാനം ഉറപ്പാക്കാനും വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉക്രെയിന് പിൻതുണ ഉറപ്പാക്കാനായി പ്രധാനമന്ത്രി കെയർ സ്റ്റാർമർ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 1.6 ബില്യൺ പൗണ്ടിന്റെ ധനസഹായം ഉപയോഗിച്ച് 5000 ത്തിലധികം വ്യോമ പ്രതിരോധ മിസൈലുകൾ വാങ്ങാൻ ഉക്രെയിനു സാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കൂടുതൽ ശക്തമായ സൈനിക അടിത്തറയിൽ നിന്നുകൊണ്ട് സമാധാന ചർച്ചകൾ ആ രാജ്യത്തിന് കഴിയണമെന്നും യുകെയുടെ വ്യോമ പ്രതിരോധ മിസൈലുകൾ അതിന് വഴിവെക്കുമെന്നും സാർ കെയർ സ്റ്റാർമർ പറഞ്ഞു.
ഉക്രെയിനു നൽകുന്ന സൈനിക സഹായ കരാറിലൂടെ യുകെയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന വിവരങ്ങളും പുറത്തുവന്നു. ഈ കരാർ വടക്കൻ അയർലണ്ടിൽ 900 തൊഴിലവസരങ്ങൾ സൃഷ്ടിമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ബെൽഫാസ്റ്റിലെ തേൽസ് ഫാക്ടറിയിൽ 5,000-ത്തിലധികം ലൈറ്റ്വെയ്റ്റ്-മൾട്ടിറോൾ മിസൈലുകൾ നിർമ്മിക്കുന്നതിലൂടെ ഉത്പാദനം മൂന്നിരട്ടിയാകും എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ലൈറ്റ്വെയ്റ്റ്-മൾട്ടിറോൾ മിസൈലുകൾ നൽകുന്നത്. കഴിഞ്ഞ വർഷം അവസാനം നൽകിയ പ്രാരംഭ ഓർഡറോടെ ഉക്രേനിയൻ സേന ഇതിനകം ലൈറ്റ്വെയ്റ്റ്-മൾട്ടിറോൾ മിസൈലുകൾ ഉപയോഗിക്കുന്നുണ്ട്.
Leave a Reply