ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ജനജീവിതത്തെ ദുഃസഹമാക്കുന്ന തരത്തിൽ ഏപ്രിൽ മാസം മുതൽ ബ്രിട്ടനിൽ നിരക്കുകളിൽ ക്രമാതീതമായ വർദ്ധനയാണ് ഉണ്ടാകുന്നത്. ഇതിൽ ഊർജ്ജ നിരക്കുകളിൽ ഉള്ള വർദ്ധനയാണ് ഏറ്റവും പ്രധാനം. ഭയാനകമായ ഏപ്രിൽ എന്നാണ് ചില നിരീക്ഷകർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ഏപ്രിൽ മുതൽ മിനിമം വേതനം വർദ്ധിക്കുമെങ്കിലും, നിരവധി കുടുംബങ്ങൾ സമ്മർദ്ദത്തിൽ ആകും എന്ന് തന്നെയാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്. ഏപ്രിൽ മാസം മുതൽ വർദ്ധിക്കുന്ന ബില്ലുകൾ ഇവയാണ് :
1. വാട്ടർ ബിൽ
ഇംഗ്ലണ്ടിലും വെയിൽസിലും വീടുകളുടെ വാട്ടർ ബില്ലുകൾ പ്രതിമാസം ശരാശരി 10 പൗണ്ട് കൂടി വർദ്ധിക്കാൻ സാധ്യതയുണ്ട്. എന്നാൽ കമ്പനികളെ ആശ്രയിച്ച് ഇതിൽ ധാരാളം വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന്, സതേൺ വാട്ടറിന്റെ വാർഷിക ബിൽ 47% ഉയർന്ന്, 703 പൗണ്ടായി ഉയരുമെങ്കിൽ, അതേസമയം ആംഗ്ലിയൻ വാട്ടർ ഉപഭോക്താക്കൾക്ക് 19% കൂടുതൽ, അതായത് 626 പൗണ്ട് മാത്രം നൽകിയാൽ മതി. വീടുകളിൽ മീറ്റർ ഉണ്ടോ, എത്രമാത്രം വെള്ളം ഉപയോഗിക്കുന്നു തുടങ്ങിയ ഘടകങ്ങൾ ബില്ലുകളെ ബാധിക്കും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ജലസംഭരണികൾ നിർമ്മിക്കുന്നതിനും നിക്ഷേപം നടത്തുന്നതിന് ഈ വർദ്ധനവ് ആവശ്യമാണെന്നാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജല കമ്പനികൾ വ്യക്തമാക്കുന്നത്.
2. ഊർജ്ജ ബില്ലുകൾ
സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിന്റെ വാർഷിക ഊർജ്ജ ബിൽ ഏപ്രിൽ മുതൽ പ്രതിവർഷം £111 വർദ്ധിച്ച് 1,849 പൗണ്ടായി ഉയരും. ഉയർന്ന മൊത്തവിലയും പണപ്പെരുപ്പവും കാരണമാണ് റെഗുലേറ്ററി ബോഡിയായ ഓഫ്ജെം ഊർജ്ജ വില പരിധി വർദ്ധിപ്പിച്ചത്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട് ലൻഡ് എന്നിവിടങ്ങളിലെ 22 ദശലക്ഷം വീടുകളെ ഇത് ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
3. കൗൺസിൽ ടാക്സ്
പലയിടങ്ങളിലും ഏപ്രിൽ മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നൽകുന്ന നികുതിയായ കൗൺസിൽ ടാക്സ് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഇംഗ്ലണ്ടിൽ, സാമൂഹിക പരിപാലനം നൽകുന്നതിന് ഉത്തരവാദിത്തമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റഫറണ്ടമോ പ്രാദേശിക വോട്ടെടുപ്പോ നടത്താതെ തന്നെ കൗൺസിൽ നികുതി എല്ലാ വർഷവും 4.99% വരെ വർദ്ധിപ്പിക്കാൻ കഴിയും. സാമൂഹിക പരിപാലന ചുമതലകളില്ലാത്ത ചെറിയ കൗൺസിലുകൾക്ക് ബില്ലുകൾ 2.99% വരെയും വർദ്ധിപ്പിക്കാൻ കഴിയും. 2025-26 വർഷത്തേക്ക്, ബ്രാഡ്ഫോർഡ്, ന്യൂഹാം, ബർമിംഗ്ഹാം, സോമർസെറ്റ്, വിൻഡ്സർ, മെയ്ഡൻഹെഡ് എന്നിവയെ 4.99% പരിധി മറികടക്കാൻ സർക്കാർ അനുവദിക്കുന്നുണ്ട്. അതിനാൽ അവർക്ക് കൗൺസിൽ നികുതി കൂടുതൽ വർദ്ധിപ്പിക്കാൻ കഴിയുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. 2007 മുതൽ സ്കോട്ട് ലൻഡിലെ കൗൺസിൽ നികുതി നിരക്കുകൾ മരവിപ്പിക്കുകയോ പരിമിതമായ വർദ്ധനവ് വരുത്തുകയോ മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഏപ്രിലിൽ അവയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സന്ദർഭങ്ങളിൽ 10% വരെ വർദ്ധനയുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
4. കാർ നികുതി
അടുത്തമാസം മുതൽ, 2017 ഏപ്രിലിനു ശേഷം രജിസ്റ്റർ ചെയ്ത കാറുകളുടെ സ്റ്റാൻഡേർഡ് നികുതി നിരക്ക് പ്രതിവർഷം £5 മുതൽ £195 വരെ ഉയരും. ഒരാളുടെ റോഡ് നികുതിയുടെ കൃത്യമായ തുക കാർ രജിസ്റ്റർ ചെയ്ത വർഷത്തെയും അത് ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ തരത്തെയും ആശ്രയിച്ചിരിക്കും. ഒരു വലിയ മാറ്റമെന്നത്, ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) ഇനി നികുതി ഇളവ് ലഭിക്കില്ല എന്നതാണ്. 2025 ഏപ്രിൽ മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ വർഷം ഏറ്റവും കുറഞ്ഞ നിരക്ക് £10 ആയിരിക്കും, തുടർന്ന് സ്റ്റാൻഡേർഡ് നിരക്കിലേക്ക് മാറും. 2017 ഏപ്രിലിനു ശേഷം ആദ്യം രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾക്കും സ്റ്റാൻഡേർഡ് നിരക്ക് ബാധകമാകും.
5. ബ്രോഡ്ബാൻഡ്, ഫോൺ, ടിവി ലൈസൻസ്
ഈ വർഷം ടെലികോം റെഗുലേറ്റർ കൊണ്ടുവന്ന നിയമ മാറ്റങ്ങൾ പ്രകാരം മൊബൈൽ, ബ്രോഡ്ബാൻഡ് ദാതാക്കൾ ഇനി മുതൽ വിലക്കയറ്റത്തെ കുറിച്ചും അവ എപ്പോൾ സംഭവിക്കുമെന്നതിനെ കുറിച്ചും ഉപഭോക്താക്കളോട് പൗണ്ടിലും പെൻസിലും അറിയിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. പുതിയ നിയമങ്ങൾ സാധാരണയായി പുതിയ ഉപഭോക്താക്കൾക്ക് മാത്രമേ ബാധകമാകൂ, അതിനാൽ വില വർദ്ധനവ് നിങ്ങൾ കരാർ എപ്പോൾ എടുത്തു എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, പുതിയ നിയമങ്ങൾ പ്രകാരം, ഇ ഇയുമായി മൊബൈൽ സിം മാത്രം കരാറുള്ള ഒരാളുടെ ബിൽ പ്രതിമാസം £1.50 അല്ലെങ്കിൽ ഒരു വർഷം 18 പൗണ്ട് വർദ്ധിക്കും. എന്നാൽ 2024 ഏപ്രിൽ 10 ന് മുമ്പ് കരാർ എടുത്ത ഭൂരിഭാഗം ഇഇ ഉപഭോക്താക്കൾക്കും, കഴിഞ്ഞ ഡിസംബറിലെ പണപ്പെരുപ്പ നിരക്കും അധിക ചാർജും അടിസ്ഥാനമാക്കിയുള്ള 6.4% വർദ്ധനവ് നേരിടേണ്ടിവരും.
6. സ്റ്റാമ്പ് ഡ്യൂട്ടി
ഇംഗ്ലണ്ടിലും വടക്കൻ അയർലണ്ടിലും വീട് വാങ്ങുന്നവർ ഏപ്രിൽ മുതൽ 125,000 പൗണ്ടിൽ കൂടുതലുള്ള പ്രോപ്പർട്ടികൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി അടച്ചു തുടങ്ങേണ്ടതായി വരും. നിലവിൽ 250,000 പൗണ്ടിൽ കൂടുതലുള്ളതിന് മാത്രമാണ് സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കപ്പെടുന്നത്. ആദ്യമായി പ്രോപ്പർട്ടി വാങ്ങുന്നവർ നിലവിൽ £425,000 വരെയുള്ള വീടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി നൽകുന്നില്ല. എന്നാൽ ഏപ്രിൽ മാസം ഇത് £300,000 ആയി കുറയുമെന്നതും ആശങ്കപ്പെടുത്തുന്നതാണ്.
7. മറഞ്ഞിരിക്കുന്ന മറ്റ് നികുതി വർദ്ധനവുകൾ
മുൻ സർക്കാർ കൊണ്ടുവന്ന ആദായനികുതി, നാഷണൽ ഇൻഷുറൻസ് എന്നിവയുടെ നികുതി പരിധികൾ 2028 വരെ ലേബർ സർക്കാർ മരവിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ മാറ്റം വരാമെന്ന പ്രതീക്ഷയും നിരീക്ഷകർ പങ്കുവെക്കുന്നു. മൊത്തത്തിൽ ജനങ്ങൾക്ക് ആശങ്ക ഉളവാക്കുന്ന ഭയാനകമായ തരത്തിലാണ് ഏപ്രിൽ മുതലുള്ള കാലഘട്ടം വിശേഷിപ്പിക്കപ്പെടുന്നത്. സാധാരണ ജനങ്ങൾ കൂടുതൽ പ്രതിസന്ധിയിൽ ആകുമെന്നാണ് ഇവയെല്ലാം തന്നെ വ്യക്തമാക്കുന്നത്.
Leave a Reply