ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ആരോഗ്യ സംവിധാനത്തിന്റെ തലപ്പത്ത് നിന്ന് എൻഎച്ച്‌എസ് ഇംഗ്ലണ്ടിന്റെ മേധാവി അമാൻഡ പ്രിറ്റ്‌ചാർഡ് രാജി പ്രഖ്യാപിച്ചത് ഒട്ടേറെ ചർച്ചകൾക്കാണ് വഴിവെച്ചത്. 2021 മുതൽ ഈ സ്ഥാനത്ത് തുടർന്നിരുന്ന പ്രിറ്റ്‌ചാർഡ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജി വെച്ചത്. ലേബർ സർക്കാർ ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ കേന്ദ്രീകൃത സമീപനത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകൾ വർദ്ധിച്ചുവരുന്നതിനെ തുടർന്നാണ് അവരുടെ രാജി. എൻ എച്ച് എസ് കൂടുതലായും സർക്കാർ നിയന്ത്രണത്തിലേയ്ക്ക് വഴിമാറുന്നതായാണ് പുറത്തുവരുന്ന സംഭവ വികാസങ്ങൾ നൽകുന്ന സൂചന.
നിലവിലെ എൻഎച്ച്എസ് മേധാവിയുടെ പടിയിറക്കം പ്രത്യേകിച്ച് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാരുടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റിനെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചുള്ള ആശങ്കകൾ ശക്തമാണ്. സർക്കാർ തല നിയന്ത്രണം റിക്രൂട്ട്മെന്റ് നയങ്ങളിൽ മാറ്റം വരുത്തുന്നതിന് ഇടയാക്കിയാൽ അത് മലയാളികൾ ഉൾപ്പെടയുള്ളവരെ ബാധിക്കും എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
എൻഎച്ച്എസ് ആശുപത്രികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നേഴ്‌സുമാരെയും നേഴ്‌സിംഗ് ജോലികൾക്കായി യുകെയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെയും ഇത് സാരമായി ബാധിച്ചേക്കാം. എൻഎച്ച്എസിനുള്ള ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ പ്രധാന ഉറവിടമാണ് കേരളം, മെച്ചപ്പെട്ട ശമ്പളം, കരിയർ വളർച്ച, തൊഴിൽ സുരക്ഷ എന്നിവ കാരണം നിരവധി മലയാളി നേഴ്‌സുമാർ ആണ് യുകെയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്നത്. പുതിയ സർക്കാർ നയങ്ങളിൽ കർശനമായ നിയമന നിയന്ത്രണങ്ങൾ അവതരിപ്പിക്കുകയോ, അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റിനുള്ള ധനസഹായം കുറയ്ക്കുകയോ, വിസ നയങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്‌താൽ എൻഎച്ച്എസിൽ ജോലി നേടുന്നതിൽ മലയാളി നേഴ്‌സുമാർക്ക് കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടി വരും.
എൻ എച്ച് എസ് മേധാവിയുടെ രാജി സമ്മിശ്ര പ്രതികരണങ്ങൾ ആണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുമൂലം എൻഎച്ച്എസ്സിന്റെ സ്വാതന്ത്ര്യം കുറയ്ക്കുന്നതിനും സർക്കാരിന്റെ ഇടപെടൽ കൂട്ടുകയും ചെയ്യുമെന്ന അഭിപ്രായം ശക്തമാണ്.അമാൻഡ പ്രിച്ചാർഡ് 2021 ലാണ് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് പദവി ഏറ്റെടുത്തത്. കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിൽ എൻഎച്ച്എസിനെ നയിക്കുന്നതിൽ അവർ നിർണ്ണായക പങ്കുവഹിച്ചു. അതിനുമുമ്പ് അവർ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ലണ്ടനിലെ ഗൈസ്, സെന്റ് തോമസ് എൻഎച്ച്എസ് ട്രസ്റ്റ് എന്നിവയുടെ തലവൻ, ടോണി ബ്ലെയറിന്റെ സർക്കാരിൽ ഉപദേഷ്ടാവ് എന്നീ പദവികൾ വഹിച്ചിരുന്നു. ഇംഗ്ലണ്ടിലെ എൻഎച്ച്എസിന്റെ ആദ്യ വനിതാ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു അവർ . കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളുടെ ഒരു ശൃംഖല സൃഷ്ടിച്ചതും, ക്യാൻസർ വാക്സിനുകളുടെ വികസനവും, ദശലക്ഷക്കണക്കിന് ആളുകളെ എൻഎച്ച്എസ് ആപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചതും അവരുടെ ഭരണകാലത്തെ നേട്ടങ്ങളാണ്.
Leave a Reply