ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വീടുകളുടെ വില കഴിഞ്ഞമാസം പ്രതീക്ഷിച്ചതിലും കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഏപ്രിൽ മാസത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിക്കുന്നതിന് മുൻപ് കൂടുതൽ ആളുകൾ വിപണിയിൽ പ്രവേശിക്കുമെന്നും അതുകൊണ്ട് ഭവന വില കുതിച്ചുയരുമെന്നുമുള്ള പ്രതീക്ഷകൾക്ക് കടകവിരുദ്ധമായാണ് വിലകളിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ ഭവന വില റെക്കോർഡ് നിലവാരത്തിൽ എത്തിയതായി ഹാലി ഫാക്സ് പറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ശരാശരി പ്രോപ്പർട്ടി വില 0.1% കുറഞ്ഞ് £298,602 ആയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


യുകെയിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടിയോ ഭൂമിയോ വാങ്ങുമ്പോഴാണ് സ്റ്റാമ്പ് ഡ്യൂട്ടി ലാൻഡ് ടാക്സ് ചുമത്തപ്പെടുന്നത്. പ്രോപ്പർട്ടിയുടെ വാങ്ങൽ വിലയോ വിപണി മൂല്യമോ, ഏതാണ് ഉയർന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. എസ് ഡി റ്റി എൽ സർക്കാരിന് വരുമാനം ഉണ്ടാക്കുകയും പ്രോപ്പർട്ടി ഊഹക്കച്ചവടം നിരുത്സാഹപ്പെടുത്തി ഭവന വിപണിയെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 2022 സെപ്റ്റംബറിൽ കൺസർവേറ്റീവ് ഗവൺമെന്റ് സ്റ്റാമ്പ് ഡ്യൂട്ടിയിൽ താൽക്കാലിക കുറവ് വരുത്തിയിരുന്നു. ഭവന വിപണിയെ പിന്തുണയ്ക്കുക, അതുമായി ബന്ധപ്പെട്ട ജോലികളും ബിസിനസുകളും സംരക്ഷിക്കുക, സ്വത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്നിവയായിരുന്നു കൺസർവേറ്റീവ് സർക്കാരിന്റെ തീരുമാനത്തിന്റെ ലക്ഷ്യം. എന്നാൽ 2025 ഏപ്രിൽ മുതൽ കൂടുതൽ മാറ്റങ്ങളാണ് എസ് ഡി റ്റി എൽ നിരക്കുകളിൽ ഉണ്ടാകാൻ പോകുന്നത്. നിലവിൽ £250,000 ആയ ത്രെഷോൾഡ് നിരക്ക് പരിധി, മുമ്പത്തെ £125,000 എന്ന നിലയിലേക്ക് തിരികെ വരുമെന്നതാണ് ഇതിൽ ശ്രദ്ധേയമായത്. ഇതോടൊപ്പം തന്നെ, ആദ്യമായി പ്രോപ്പർട്ടികൾ വാങ്ങുന്നവർക്കുള്ള ത്രെഷോൾഡ് നിരക്ക് പരിധി നിലവിൽ £425,000 ആണ്. അത് മുമ്പത്തെ £300,000 എന്ന നിലയിലേയ്ക്ക് ഏപ്രിലോടെ തിരികെ എത്തും. ഫസ്റ്റ്-ടൈം ബയേഴ്‌സ് റിലീഫ് അഥവാ കുറച്ച സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ക്ലെയിം ചെയ്യാൻ കഴിയുന്ന പരമാവധി വാങ്ങൽ വില നിലവിൽ £625,000 ആണ്. അത് മുമ്പത്തെ £500,000 ലെവലിലേയ്ക്ക് തിരികെ വരുന്നതും സർക്കാർ ഏർപ്പെടുത്തുന്ന മാറ്റങ്ങളിൽ ഒന്നാണ്.


ഏപ്രിൽ മുതൽ 125000 പൗണ്ടിനുള്ളിൽ ഒതുങ്ങുന്ന പ്രോപ്പർട്ടികൾ വാങ്ങുന്നവർക്ക് സ്റ്റാമ്പ്‌ ഡ്യൂട്ടികൾ ഉണ്ടാകില്ല. എന്നാൽ അതിനു മുകളിൽ വാങ്ങുന്നവർക്ക് നിശ്ചിത തുക ഈ ഇനത്തിൽ നൽകേണ്ടിവരും. ഇതോടൊപ്പം തന്നെ ആദ്യമായി വീടു വാങ്ങുമ്പോഴുള്ള വില 500,000 പൗണ്ടിൽ കൂടുതലാണെങ്കിൽ കുറച്ച് സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ക്ലെയിം ചെയ്യാൻ സാധിക്കുകയുമില്ല. ഒന്നിൽ കൂടുതൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുമ്പോൾ, എസ് ഡി റ്റി എൽ നിരക്കുകൾക്ക് പുറമേ 5 ശതമാനം നൽകേണ്ടിവരും. നിങ്ങളുടെ പുതിയ വാങ്ങൽ പൂർത്തിയാക്കി, 36 മാസത്തിനുള്ളിൽ നിങ്ങളുടെ പഴയ പ്രധാന വസതി വിൽക്കുകയാണെങ്കിൽ ഈ അധികമായ 5% നൽകേണ്ട ആവശ്യമില്ല. 2025 ലെ സ്റ്റാമ്പ് ഡ്യൂട്ടി ഭൂനികുതി മാറ്റങ്ങളും, അവയുടെ സാമ്പത്തിക ആഘാതങ്ങളും വിലയിരുത്തേണ്ടത് നിക്ഷേപകരെ സംബന്ധിച്ച് പ്രധാനമാണ്. ഇതിൽനിന്ന് സർക്കാർ കൂടുതൽ വരുമാനം ഉണ്ടാക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.