ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭചിദ്രത്തിന് വിധേയമാകുന്ന ദമ്പതികൾക്കുള്ള ബീവി മെൻറ് ലീവിനെ ശക്തമായി പിന്തുണയ്ക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ബീവി മെൻറ് അവധി എന്ന തത്വത്തെ പൂർണമായി താൻ അംഗീകരിക്കുന്നതായി ബിസിനസ്സ് മന്ത്രി ജസ്റ്റിൻ മാഡേഴ്‌സ് എംപിമാരോട് പറഞ്ഞു. എംപ്ലോയി റൈറ്റ് ബില്ലിൽ ബീവിമെൻറ് അവധി കൂടി ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
നിലവിൽ യുകെയിലെ ജീവനക്കാർക്ക് പ്രസവാവധിക്ക് അർഹതയുണ്ട്. പ്രസവത്തെ തുടർന്ന് പങ്കാളികൾക്ക് ആണ് ഇതിന് അർഹതയുള്ളത്. 24 ആഴ്ചത്തെ ഗർഭാവസ്ഥയ്ക്ക് ശേഷമാണ് ഈ അവധിയുടെ ആനുകൂല്യം ലഭിക്കുന്നത്. 24 ആഴ്‌ചയ്‌ക്ക് മുമ്പ് ഗർഭം അലസുന്ന സന്ദർഭങ്ങളിൽ ഈ അവകാശം നീട്ടണമെന്ന് വനിതാ സമത്വ സമിതി അധ്യക്ഷയായ ലേബർ എംപി സാറാ ഓവൻ ആവശ്യപ്പെട്ടിരുന്നു. ഗർഭം അലസുന്നത് ഒരു രോഗമല്ലെന്നും അതിന് അതിന്റേതായ പ്രത്യേക പരിഗണന ആവശ്യമാണെന്നും ഹൗസ് ഓഫ് കോമൺസിൽ സംസാരിച്ച മാഡേഴ്‌സ് പറഞ്ഞു. ഗർഭചിദ്ര അവധിയെ കുറിച്ചുള്ള കാര്യങ്ങൾ ചർച്ചയാക്കിയതിന് വുമൺ ആൻഡ് ഇക്വാലിറ്റി കമ്മിറ്റിയോട് നന്ദിയുള്ളവനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗർഭം അലസുന്ന സ്ത്രീകൾ പലപ്പോഴും ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നു. വൈദ്യസഹായം ആവശ്യമായി വന്നേക്കാവുന്ന കനത്ത രക്തസ്രാവം, അണുബാധ, ഹോർമോൺ അസന്തുലിതാവസ്ഥ, ബലഹീനത എന്നീ ശാരീരിക പ്രശ്നങ്ങൾ ഇത്തരക്കാരിൽ സാധാരണമാണ്. വിഷാദം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളും ഇത്തരം സന്ദർഭങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ശരിയായ വൈദ്യ പരിചരണം, വൈകാരിക പിന്തുണ, കൗൺസിലിംഗ് എന്നിവ നൽകണമെന്നാണ് ഇത്തരം സാഹചര്യങ്ങളെ നേരിടാൻ വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഗർഭം അലസൽ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ, വൈകാരിക ശക്തി നൽകാൻ ഡോക്ടർമാർ കുടുംബങ്ങളോട് അഭ്യർത്ഥിക്കുന്നു.
ഈ സാഹചര്യങ്ങളെ മുന്നിൽ കണ്ടാണ് ഗർഭം അലസുന്നവർക്കുള്ള അവധി എന്ന നിർദ്ദേശങ്ങളുമായി വുമൺ ആൻഡ് ഇക്വാലിറ്റി കമ്മിറ്റി മുന്നോട്ട് വന്നത്. 2025 – ൽ ഗർഭം അലസിയ സമയത്ത് തന്റെ സ്വന്തം അനുഭവം ഓവൽ മറ്റ് എംപിമാരോട് പങ്കുവെച്ചിരുന്നു ഓവനും മറ്റ് കമ്മിറ്റി അംഗങ്ങളും എംപ്ലോയി റൈറ്റ് ബില്ലിൽ മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.
24 ആഴ്‌ചയ്‌ക്ക് മുമ്പുള്ള ഗർഭം നഷ്ടപ്പെടുന്നവരെ ആദ്യമായി ബീവിമെൻ്റ് ലീവ് നിയമനിർമ്മാണത്തിൽ ഔദ്യോഗികമായി അംഗീകരിക്കുന്നത് കാണുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. മിസ്കാരേജ് അസോസിയേഷൻ്റെ സിഇഒ വിക്കി റോബിൻസൺ പറഞ്ഞു. എന്നാൽ നിലവിലെ നിർദ്ദേശങ്ങൾ ശമ്പളമില്ലാതെയുള്ള അവധിയാണ് നിർദ്ദേശിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഞങ്ങൾ ശമ്പളത്തോടു കൂടിയുള്ള അവധിയാണ് ആവശ്യപ്പെട്ടിരുന്നത് എന്ന് വിക്കി റോബിൻസൺ പറഞ്ഞു.
Leave a Reply