ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടെഡി ബിയറിൻ്റെ പേരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തിയ കേസിൽ കൊലയാളിക്ക് കുറഞ്ഞത് 23 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 18 കാരനായ ഹസൻ സെൻ്റാമു ആണ് എലിയാൻ ആൻഡമിനെ ആക്രമിക്കുകയും അടുക്കള കത്തി ഉപയോഗിച്ച് കഴുത്തിൽ മാരകമായി കുത്തി കൊലപ്പെടുത്തുകയും ചെയ്‌തത്. സൗത്ത് ലണ്ടനിലെ ക്രോയ്‌ഡണിലുള്ള വിറ്റ്‌ഗിഫ്റ്റ് സെൻ്ററിന് പുറത്താണ് അക്രമം നടന്നത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പ്രതി വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. പിന്നീട് പ്രതി കത്തി ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് ഓടി പോവുകയായിരുന്നു.
അറസ്റ്റിലായ പ്രതി കൊല ചെയ്‌തതായി സമ്മതിച്ചു. കൊലപാതകത്തിനും ആയുധം കൈവശം വച്ചതിനും ജൂറി ഹസൻ സെൻ്റാമുവിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഓട്ടിസം തൻ്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ നഷ്ടപെടുത്തിയെന്ന് പ്രതി കോടതിയിൽ വാദിച്ചെങ്കിലും ജൂറി ഇത് നിരസിച്ചു. രോഗാവസ്ഥ ഉണ്ടെങ്കിലും ബോധപൂർവം നടത്തുന്ന പ്രവർത്തികൾക്ക് പ്രതി ഉത്തരവാദിയാണെന്ന് കോടതി പറഞ്ഞു.
എലിയാൻ ആൻഡമിൻെറ സുഹൃത്ത് ഹസൻ സെന്താമുവുമായി ബന്ധം വേർപിരിഞ്ഞതിനെ തുടർന്ന് ഇരുവരും കൈമാറിയ ടെഡി ബെയർ തിരികെ നൽകാൻ ഒരു കൂടികാഴ്ച്ചയ്ക്ക് ഏർപ്പാട് ചെയ്‌തിരുന്നു. എലിയാൻെറ സുഹൃത്ത് പാവ തിരികെ നൽകിയെങ്കിലും ഹസൻ വെറുംകൈയോടെയാണ് എത്തിയത്. ഇതിന് പിന്നാലെ, എലിയാൻ പാവ വാങ്ങി പോവുകയായിരുന്നു. ഇതിൽ പ്രഖോപിതനായ പ്രതി, കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് വിദ്യാർത്ഥിനിയുടെ കഴുത്തിൽ നാല് തവണ കുത്തുകയായിരുന്നു. കൂടിക്കാഴ്ചയ്ക്ക് മുൻപത്തെ ദിവസം പെൺകുട്ടികൾ വെള്ളം തെറിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടർന്നാണ് ഇയാൾ ആയുധവുമായി വന്നതെന്ന് കണ്ടെത്തി.
Leave a Reply