ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വ്യാജ റേഡിയോഗ്രാഫർ ആയി ചമഞ്ഞ് തട്ടിപ്പ് നടത്തി യുകെ മലയാളി. തനിക്ക് 23 വർഷത്തെ ജോലി പരിചയമുള്ളതായി വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കിയായിരുന്നു സ്മിത ജോണിയുടെ തട്ടിപ്പ്. കേരളത്തിൽ നിന്ന് 2021-ൽ യുകെയിലേയ്ക്ക് കുടിയേറിയ സ്മിത, ഹെൽത്ത് ആൻഡ് കെയർ പ്രൊഫഷൻസ് രജിസ്റ്ററിൽ ചേരാൻ അപേക്ഷിച്ചിരുന്നു. ഇതിന് പുറമെ തൻെറ പ്രഥമ ഭാഷ ഇംഗ്ലീഷ് ആണെന്നും റേഡിയോഗ്രാഫിയിൽ തനിക്ക് രണ്ട് പതിറ്റാണ്ടിലേറെ പരിചയമുണ്ടെന്നും ഇവർ വരുത്തിത്തീർത്തു.

എന്നാൽ കഥ കൈ വിട്ട് പോയത് 2023 ജനുവരിയിൽ സറേയിലെ കാറ്റർഹാമിലെ നോർത്ത് ഡൗൺസ് ഹോസ്പിറ്റലിൽ സ്‌മിത ജോലിക്ക് പ്രവേശിച്ചതോടെയാണ്. സ്മിതയുടെ ജോലിയിലെ പിഴവുകൾ സഹപ്രവർത്തകരിൽ സംശയം തോന്നിപ്പിച്ചു. റേഡിയോഗ്രാഫി സ്പെഷ്യാലിറ്റിയിൽ 23 വർഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ മേഖലയിൽ ജോലി ചെയ്യുന്നവർ വരുത്തുന്ന സാധാരണ തെറ്റുകൾ ആയിരുന്നില്ല അവ. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെ ഒരു ഹോസ്‌പിറ്റലിൽ റിസപ്ഷൻ ഡെസ്കിൽ ആയിരുന്നു സ്‌മിത ജോലി ചെയ്‌തതെന്ന് കണ്ടെത്തിയത്.

ജോലിയിൽ പ്രവേശിച്ച സമയം, സഹായത്തിനായി ഒരാൾ സ്മിതയ്ക്കൊപ്പം ഉണ്ടായിരുന്നു. വൈകാതെ തന്നെ സ്‌മിതയുടെ കഴിവിൽ സഹപ്രവർത്തകർക്ക് സംശയം തോന്നാൻ തുടങ്ങി. സ്‌മിത രോഗികളുമായി ഇടപഴകുന്നതിൽ നിന്ന് തന്നെ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മനസിലാക്കാൻ സാധിക്കുമെന്ന് മാനേജർ ഫെർണാണ്ടോ പിൻ്റോ ട്രൈബ്യൂണലിൽ പറഞ്ഞു. എന്നാൽ ചോദ്യം ചെയ്‌തപ്പോഴും താൻ ഇന്ത്യയിൽ ഈ മേഖലയിൽ തന്നെ ജോലി ചെയ്യുകയായിരുന്നു എന്നാണ് സ്‌മിത അവകാശപ്പെട്ടത്. സംശയം തോന്നിയ മാനേജർ ഫെർണാണ്ടോ പിൻ്റോ ഒരു ‘ഹിപ് എക്സ്-റേ’ ആവശ്യപ്പെട്ടപ്പോൾ സ്മിത മെഷിനറി മാനേജരുടെ കാൽമുട്ടിന് നേരെയാണ് വച്ചത്. സ്വകാര്യ ഹെൽത്ത് ഗ്രൂപ്പായ റാംസെ ഹെൽത്ത്‌കെയർ നടത്തുന്ന സറേ ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ തുടങ്ങി മൂന്ന് മാസത്തിന് ശേഷം സ്‌മിത ജോലി രാജിവക്കുകയായിരുന്നു. തുടർന്ന്, സ്‌മിതയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യത്തിലും പ്രസ്തുത മേഖലയിലെ അറിവിലും ആശങ്ക ഉന്നയിച്ച് ഹോസ്‌പിറ്റൽ അധികൃതർ സ്‌മിതയെ ഹെൽത്ത് ആൻ്റ് കെയർ പ്രൊഫഷണൽസ് കൗൺസിലിലേക്ക് റഫർ ചെയ്യുകയായിരുന്നു.
	
		

      
      



              
              
              




            
Leave a Reply