ന്യൂസ് ഡെസ്ക്, മലയാളം യുകെ
അവളുടെ ജനനം ഒരു രാജ്യത്തിന് തന്നെ അഭിമാനമായി മാറുകയാണ്. ആമിയുടെ പേര് ചരിത്രത്തിൽ കുറിക്കപ്പെട്ടു കഴിഞ്ഞു. കാരണം അവൾ യുകെയിൽ മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രത്തിൽ കൂടി ആദ്യമായി രാജ്യത്ത് ഉണ്ടായ ശിശുവാണ്. അത്ഭുത ശിശുവെന്നാണ് അവളെ വൈദ്യ രംഗത്തെ വിദഗ്ധർ വിശേഷിപ്പിച്ചത്. 36 വയസ്സുകാരിയായ കുഞ്ഞിൻറെ അമ്മ ഗ്രേസ് ഡേവിഡ്സൺ ജനിച്ചത് തന്നെ പ്രവർത്തനരഹിതമായ ഗർഭപാത്രവുമായായിരുന്നു.
2023 – ലാണ് ഗ്രേസ് ഡേവിഡ്സണിന് അവളുടെ സഹോദരിയുടെ ഗർഭപാത്രം വിജയകരമായി മാറ്റി വെയ്ക്കപ്പെട്ടത്. ആ പ്രധാനപ്പെട്ട ഓപ്പറേഷന് രണ്ട് വർഷത്തിനുശേഷം ഗ്രേസ് ഡേവിഡ്സൺ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. വിപ്ലവകരമായ പുരോഗതി എന്നാണ് ലോകമെങ്ങുമുള്ള വൈദ്യശാസ്ത്ര ലോകം ഇതിനെ വിശേഷിപ്പിച്ചത്. ഇത് യുകെയിലെ തന്നെ ഗർഭപാത്രം മാറ്റി വെയ്ക്കൽ നടത്തി വിജയകരമായി കുഞ്ഞു ജനിച്ച സംഭവമാണ്.
ഗർഭപാത്രം ദാനം ചെയ്ത ഗ്രേസിൻ്റെ സഹോദരിയുടെ പേരിൽ അവരും ഭർത്താവ് ആംഗസും (37) മകൾക്ക് ആമി എന്ന് പേരിട്ടു. കുഞ്ഞിന് രണ്ട് കിലോയിൽ കൂടുതൽ (നാലര പൗണ്ട്) ഭാരമുണ്ട്. ഇപ്പോഴും കുഞ്ഞിൻറെ ജനനം തനിക്ക് അവിശ്വസനീയമാണെന്നാണ് ഗ്രേസ് ഡേവിഡ്സൺ പ്രതികരിച്ചത്. വടക്കൻ ലണ്ടനിൽ താമസിക്കുന്ന ഗ്രേസും ആംഗസും സ്കോട്ട്ലൻഡിൽ നിന്നുള്ളവരാണ്. മാറ്റിവച്ച ഗർഭപാത്രം ഉപയോഗിച്ച് രണ്ടാമത്തെ കുട്ടി ജനിക്കുമെന്ന പ്രതീക്ഷയിലാണ് ദമ്പതികൾ . ഗ്രേസ് ഡേവിഡ്സണിൻ്റെ ശരീരത്തിൽ ഗർഭപാത്രം മാറ്റിവെച്ചത് വിജയിച്ചതിനെ തുടർന്ന് മറ്റ് മൂന്നുപേരിൽ കൂടി ഇത് വിജയകരമായി നടപ്പിലാക്കി എന്നാണ് ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ അറിയിച്ചത്. 2014-ൽ സ്വീഡനിലാണ് ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഫലമായി ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അതിനുശേഷം അമേരിക്ക, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, തുർക്കി എന്നിവയുൾപ്പെടെ ഒരു ഡസനിലധികം രാജ്യങ്ങളിലായി 135-ഓളം ട്രാൻസ്പ്ലാൻറുകൾ നടത്തിയിട്ടുണ്ട്. 65 ഓളം കുഞ്ഞുങ്ങൾ ആണ് ഈ രീതിയിൽ പിറവിയെടുത്തത് .
Leave a Reply