ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസിന്റെ പുതിയ വ്യാപാര നയത്തിൽ ശക്തമായ വിയോജിപ്പുമായി യുകെ രംഗത്ത് വന്നു. യുകെയുടെ ദേശീയ താത്പര്യത്തിന് ഉചിതമാണെങ്കിൽ മാത്രമേ യുഎസുമായി വ്യാപാര കരാറിൽ ഏർപ്പെടുകയുള്ളൂവെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. ഫലത്തിൽ കാനഡയുടെയും ചൈനയുടെയും പാത പിൻതുടർന്ന് യുഎസുമായി ഒരു ഏറ്റുമുട്ടലിന് യുകെ മുതിരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫ് നയത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് വ്യവസായത്തെ പിന്തുണയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏതൊക്കെ രീതിയിലുള്ള സഹായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കാൻ പദ്ധതിയിടുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അതാത് വകുപ്പുകളിലെ മന്ത്രിമാർ ഉടനെ പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് വ്യവസായത്തിന് കൂടുതൽ സമയം നൽകുന്നതിനായി ഹൈബ്രിഡ് കാറുകളുടെ വിൽപ്പന 2035 വരെ തുടരും. യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്. നിലവിൽ യുഎസുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് യുകെ ശ്രമിക്കുന്നത്. കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി യുകെ സർക്കാർ യുഎസുമായി ചർച്ച തുടരുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ചർച്ചകളുടെ ഭാഗമായി, പ്രധാന ടെക് കമ്പനികൾ പ്രതിവർഷം അടയ്‌ക്കേണ്ടതായി വരുന്ന £1 ബില്യൺ ഡിജിറ്റൽ സേവന നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ യുഎസ് അഴിച്ചുവിടുന്ന ആഘാതങ്ങൾ യുകെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . യുഎസിന്റെ പുതിയ താരിഫ് നയം രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ശീത യുദ്ധത്തിന് സമാനമായ ഒരു വ്യാപാര യുദ്ധത്തിന്റെ നിഴലിലാണ് ലോകം. ലോകമെങ്ങുമുള്ള ഓഹരി വിപണികൾ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ ആണ് നിലവിൽ നേരിടുന്നത്. ഏപ്രിൽ 2 ബുധനാഴ്ചയ്ക്ക് ശേഷം ആഗോള ഓഹരി വിപണികളുടെ മൂല്യത്തിൽ വൻ നഷ്ടമാണ് സംഭവിച്ചത്.
Leave a Reply