ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വർഷം മൂന്ന് മാസം പിന്നിടുമ്പോൾ തന്നെ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഏറ്റവും കൂടിയ നിലയിൽ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അനധികൃത കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. നിലവിൽ പുറത്തുവരുന്ന കണക്കുകൾ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ശനിയാഴ്ച മാത്രം 11 ചെറു ബോട്ടുകളിലായി 656 പേരാണ് എത്തിയത്. ഇതോടെ 2025 ൽ അനധികൃതമായി യുകെയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 8064 ആയി. ഹോം ഓഫീസ് പുറത്തു വിട്ട കണക്കാണിത്. ഒരു പക്ഷേ അനധികൃതമായി കുടിയേറിയവരുടെ എണ്ണം ഇതിലും കൂടുതലാകുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞവർഷം ഇതേസമയം അതായത് ഏപ്രിൽ പകുതിയോടെ ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണം 7567 ആയിരുന്നു. ഈ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2025 ൽ യുകെയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണ്.
2023 ലെ ഇതേ കാലയളവിൽ 5946 പേരും 2022 ൽ ഇത് 6691 ആയിരുന്നു. അതായത് 2025 ലെ കണക്കുകൾ പ്രകാരം ഇതുവരെ ഈ കാലയളവിൽ അനധികൃത കുടിയേറ്റം നടത്തിയവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. അതു മാത്രമല്ല ശനിയാഴ്ച യുകെയിൽ അനധികൃതമായി 656 പേർ എത്തിയെന്നത് സമീപകാലത്ത് ഒരു ദിവസം രേഖപ്പെടുത്തിയ കുടിയേറ്റത്തിൽ ഏറ്റവും കൂടുതലാണ്. അപകടത്തിൽ പെട്ടതിനെ തുടർന്ന് ചില കുടിയേറ്റക്കാർ സഹായം തേടിയതിനാൽ ശനിയാഴ്ച വിവിധ ബോട്ടുകളിൽ നിന്ന് 50 പേരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് കോസ്റ്റ് യാർഡ് പ്രസ്താവനയിൽ പറഞ്ഞു.
Leave a Reply