ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വാരാന്ത്യം യുകെയിൽ യാത്ര ചെയ്യുന്നവർക്ക് അത്ര സുഖകരമായിരിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വ്യാഴം, ദുഃഖവെള്ളി, ശനി ദിവസങ്ങളിൽ ഒട്ടേറെ പേർ യാത്രയ്ക്കായി റോഡിൽ ഇറങ്ങുന്നത് മൂലം കടുത്ത ട്രാഫിക് ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ഈ ദിവസങ്ങളിൽ ഏകദേശം 2.7 ദശലക്ഷം ആളുകൾ വാഹനങ്ങളിൽ റോഡ് മാർഗം യാത്ര ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പെസഹാ വ്യാഴാഴ്ചയ്ക്കും ഈസ്റ്ററിനു പിറ്റേന്നുള്ള തിങ്കളാഴ്ചയ്ക്കും ഇടയിൽ 19 മില്യണിലധികം വിനോദയാത്രകൾ ആണ് ഇംഗ്ലണ്ടിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ചൂടുള്ള കാലാവസ്ഥയായതിനാൽ കൂടുതൽ പേർ വിനോദയാത്രകൾക്കായി വീട് വിട്ട് ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈസ്റ്റർ വാരാന്ത്യത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം ട്രാഫിക് കൂടുതലായിരിക്കും. വിവിധ വിമാനത്താവളത്തിലേയ്ക്ക് പോകുന്നവർ റോഡുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ട്രാഫിക് ബ്ലോക്കിനെ കുറിച്ച് മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ യാത്ര മുടങ്ങാനുള്ള സാധ്യതയുണ്ട്. വിവിധ വിമാനത്താവളങ്ങളിലേയ്ക്കുള്ള റോഡുകളിൽ ഒരു മണിക്കൂർ സമയത്തോളം ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് .
ദുഃഖ വെള്ളിയാഴ്ച രാവിലെ 11നും ഉച്ചയ്ക്ക് 1 നും ഇടയിൽ കടുത്ത തിരക്കായിരിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഈ ദിവസങ്ങളിൽ കടുത്ത തോതിലുള്ള ട്രാഫിക് ബ്ലോക്ക് പ്രതീക്ഷിക്കണമെന്ന് ആർഎസിയുടെ വക്താവ് ആലീസ് സിംപ്‌സൺ പറഞ്ഞു. ബാങ്ക് അവധി കാലത്തിനു പുറമേ സ്കൂളുകളിൽ ക്ലാസ്സുകൾ ഇല്ലാത്തതും ആണ് ഇതിന് പ്രധാന കാരണമായി അവർ ചൂണ്ടി കാണിച്ചത്. അവധിക്കാലത്തിന് പുറമേ ആളുകൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ ഈ അവധി കാലം വിനിയോഗിക്കുന്നത് റോഡുകളിൽ ബ്ലോക്കുകൾക്ക് കാരണമാകുമെന്ന് ആലീസ് പറഞ്ഞു.
Leave a Reply