ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ വൻതോതിൽ മോശം പ്രവണതകൾ കടന്നു കൂടിയതായുള്ള മുന്നറിയിപ്പുമായി അധ്യാപകർ രംഗത്ത് വന്നു. കുട്ടികളുടെ പെരുമാറ്റത്തിൽ സ്ത്രീവിരുദ്ധതയും വംശീയതയും വർദ്ധിക്കുന്നതായുള്ള മുന്നറിയിപ്പാണ് അധ്യാപകർ നൽകുന്നത്. സോഷ്യൽ മീഡിയയുടെയും ഓൺലൈൻ ഗെയിമുകളുടെയും സ്വാധീനമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
NASUWT യൂണിയൻ നടത്തിയ ഒരു സർവേയിൽ മിക്ക അധ്യാപകരും വിദ്യാർത്ഥികളുടെ മോശം പെരുമാറ്റത്തിന് ഒന്നാം കാരണമായി ചൂണ്ടി കാണിക്കുന്നത് സോഷ്യൽ മീഡിയ ആണ്. മാതാപിതാക്കളുടെ പങ്കും കുറവല്ലെന്ന് അധ്യാപകർ പറയുന്നുണ്ട്. സ്കൂൾ നിയമങ്ങൾ പാലിക്കാനോ, കുട്ടികളുടെ മോശം പെരുമാറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ മിക്ക മാതാപിതാക്കളും തയ്യാറാകുന്നില്ലെന്ന അഭിപ്രായമാണ് അധ്യാപകർ പ്രകടിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയുടെ ദുരുപയോഗമാണ് വിദ്യാർഥികളുടെ മോശം പെരുമാറ്റങ്ങൾക്ക് കാരണമെന്ന് മൂന്നിൽ രണ്ട് അധ്യാപകരും അഭിപ്രായപ്പെട്ടതായി NASUWT ജനറൽ സെക്രട്ടറി പാട്രിക് റോച്ച് പറഞ്ഞു. സ്കൂൾ ദിവസങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് വിദ്യാർഥികൾ കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്ന പരിഹാരത്തിന് പ്രധാനമായും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്തണം എന്ന ആവശ്യമാണ് അധ്യാപകരും മറ്റ് വിദ്യാഭ്യാസ വിദഗ്ധരും പ്രധാനമായും പങ്കുവെയ്ക്കുന്ന കാര്യം. എന്നാൽ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തുന്ന കാര്യത്തിൽ ഫലപ്രദമായി മുന്നോട്ട് പോകാൻ ഇതുവരെ സാധിച്ചിട്ടില്ല. പ്രായപൂർത്തിയാകാത്തവർക്ക് സോഷ്യൽ മീഡിയയുടെ ഉപയോഗത്തിന് നിയന്ത്രണം ഉണ്ടെങ്കിലും കുട്ടികൾ മുതിർന്നവരുടെ ഫോണുകളും മറ്റും ദുരുപയോഗിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപ്, ആൻഡ്രൂ ടെറ്റ് പോലുള്ളവരുടെ പ്രവർത്തികളും സംസാരങ്ങളും കുട്ടികളെ സോഷ്യൽ മീഡിയ വഴി തെറ്റായി സ്വാധീനിക്കുന്നതായും അധ്യാപകർ അഭിപ്രായപ്പെട്ടു.
Leave a Reply