ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിൽ ചാൾസ് രാജാവും കാമിലാ രാജ്ഞിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹം പുലർത്തിയ അനുകമ്പ, വിവിധ സഭകളുടെ ഐക്യത്തോട് കാണിച്ച താത്പര്യം ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവ എല്ലാവരുടെയും ഇടയിൽ അദ്ദേഹം ഒരു പരിശുദ്ധനാണെന്ന് ഓർമിപ്പിക്കപ്പെടുവാൻ കാരണമായതായി രാജാവ് പറഞ്ഞു.
രാജാവും ഫ്രാൻസിസ് മാർപാപ്പയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് ദീർഘകാലമായി വാദിക്കുന്നവരാണ്. കൽക്കരി പെട്രോളിയം പ്രകൃതി വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ അവസാനിപ്പിക്കുന്നതിന് COPZY കാലാവസ്ഥാ കോൺഫറൻസിൽ നടന്ന ആഹ്വാനത്തിനു പിന്നിൽ മാർപാപ്പയുടെ താത്പര്യവും ഉണ്ടായിരുന്നു. പരിസ്ഥിതി നശിപ്പിക്കുന്നത് ദൈവത്തിനെതിരായ കുറ്റമാണെന്ന് പാപ്പാ പറയുമായിരുന്നു. കൂടുതൽ പുരോഗമനവാദികളായ മാർപ്പാപ്പമാരിൽ ഒരാളായി വീക്ഷിക്കപ്പെടുന്ന അദ്ദേഹത്തിന് മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സഭാ ഐക്യം നിലനിർത്തുക എന്നത് വലിയ ആഗ്രഹമായിരുന്നു.
തന്റെ ഇരുപതാം വിവാഹ വാർഷികത്തിന് വത്തിക്കാനിൽ ചാൾസ് രാജാവും കാമില രാജ്ഞിയും ഫ്രാൻസിസ് മാർപ്പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത് വൻ മാധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇറ്റലിയിലേയ്ക്കുള്ള അവരുടെ ഔദ്യോഗിക സന്ദർശനത്തിന്റെ മൂന്നാം ദിവസം, റോമിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ജെമെല്ലി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനുശേഷം ഫ്രാൻസിസ് മാർപ്പാപ്പ താമസിക്കുന്ന വത്തിക്കാനിലെ കാസ സാന്താ മാർട്ടയിലാണ് കൂടിക്കാഴ്ച നടന്നത്.
Leave a Reply