പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചുള്ള വ്യോമാഭ്യാസം ആരംഭിച്ചിരിക്കുകയാണ് വ്യോമസേന. ഓപ്പറേഷന്‍ ആക്രമണ്‍ എന്ന പേരിട്ടിരിക്കുന്ന വ്യോമാഭ്യാസത്തില്‍ റഫാല്‍ യുദ്ധവിമാനങ്ങളും സുഖോയ്-30 യുദ്ധവിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. അംബാല, ഹഷിമാര എയര്‍ ബേസുകളില്‍ നിന്നാണ് റഫാല്‍ യുദ്ധവിമാനങ്ങളെത്തിയത്.
വ്യോമാഭ്യാസത്തില്‍ സേന സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നടത്തുന്ന കരയാക്രമണം, ഇലക്ട്രോണിക് വാര്‍ഫെയര്‍ തുടങ്ങിയവയിലെ ശേഷികള്‍ പരിശോധിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പര്‍വത പ്രദേശങ്ങളിലും സമതലപ്രദേശങ്ങളിലും നടത്തുന്ന കരയാക്രമണങ്ങളുടെ വിവിധ രീതികള്‍ സേന പ്രദര്‍ശിപ്പിച്ചു. പരിചയസമ്പന്നരായ വ്യോമസേന പരിശീലകരുടെ നേതൃത്വത്തിലാണ് വ്യോമാഭ്യാസം നടത്തുന്നത്. മെറ്റിയോര്‍, റാംപേജ് ആന്‍ഡ് റോക്സ് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും വ്യോമാഭ്യാസത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റഫേല്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന മിസൈലുകളാണ് ഇവ.
ഇപ്പോള്‍ വ്യോമാഭ്യാസം നടത്തുന്നതിന്റെ കാരണം സേന വ്യക്തമാക്കിയിട്ടില്ല. 2019 ല്‍ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുചെന്ന് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ബോംബിട്ട് തകര്‍ത്തിരുന്നു. മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് അന്ന് വ്യോമസേന ആക്രമണം നടത്തിയത്.
അന്നത്തെ ആക്രമണത്തിന് ശേഷമാണ് ഇന്ത്യ റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. റഫാലിന് നിലവില്‍ പാക് വ്യോമസേനയ്ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശേഷി ഇന്ത്യന്‍ വ്യോമസേനയ്ക്ക് നല്‍കുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പുറമെ പാകിസ്ഥാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണങ്ങള്‍ തടയാനും എസ്-400 പ്രതിരോധ സംവിധാനങ്ങളുമുണ്ട്.
Leave a Reply