മനോജ് ജോസഫ്

ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) തങ്ങളുടെ 25 വർഷത്തെ സേവന പാരമ്പര്യത്തിന്റെ തിളക്കത്തിൽ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് സംയുക്ത ആഘോഷങ്ങൾ ലിവർപൂളിലെ മലയാളി സമൂഹത്തിന് ആഹ്ളാദകരമായ ഒത്തുചേരലും ഓർമ്മിക്കത്തക്ക അനുഭവവുമായി. സംഘടനയുടെ കാൽനൂറ്റാണ്ടിന്റെ പ്രവർത്തനം ഈ വർഷത്തെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പഴയ സൗഹൃദങ്ങൾ പുതുക്കാനും ലിവർപൂളിൽ പുതിയതായി എത്തിച്ചേർന്നവരെ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യാനും ഈ ആഘോഷവേദി ഉപകരിച്ചു.

ലിവർപൂൾ കാർഡിനൽ കീനൻ ഹൈ സ്കൂളിൽ നടന്ന ലിമയുടെ പരിപാടികൾ സാംസ്കാരിക വൈവിധ്യവും കലാസമ്പന്നതയും കൊണ്ട് മികച്ചു നിന്നു. ഹാളിനു പുറത്തുനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വർണ്ണാഭമായ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

ഈ വർഷത്തെ കലാപരിപാടികൾ, “ഒരുമ” എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, വിവിധങ്ങളായ കലാപ്രകടനങ്ങളുടെ മനോഹരമായ ഒരു സംഗമമായിരുന്നു. നൃത്തം, സംഗീതം തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ, തുടക്കം മുതൽ ഒടുക്കം വരെ ഒട്ടും മുഷിവില്ലാതെ കാണികളെ കണ്ണിനും കാതിനും മനസ്സിനും ഇമ്പമുള്ള മുഹൂർത്തങ്ങൾ സമ്മാനിക്കാൻ ലിമയുടെ “ഒരുമ”യ്ക്ക് സാധിച്ചു.

കുട്ടികൾക്കായി ആകർഷകമായ പരിപാടികളും ലിമ ഉൾപ്പെടുത്തിയിരുന്നു. രാധാ-കൃഷ്ണ മത്സരം, നമ്മുടെ തനത് വിഷുക്കണി ദർശനം, വിഷുക്കൈനീട്ടം എന്നിവ കുട്ടികളിൽ ഏറെ സന്തോഷം നിറയ്ക്കുകയും നമ്മുടെ പൈതൃകം പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്തു. രാധാ-കൃഷ്ണ വേഷത്തിൽ വന്ന കുട്ടികളെ നിറഞ്ഞ കൈയ്യടിയോടെയാണ് ഹാൾ സ്വീകരിച്ചത്. ജോയ് അഗസ്തിയും സജി മാക്കിലും ചേർന്ന് കുട്ടികൾക്ക് വിഷുകൈനീട്ടം നൽകി.

ലിവർപൂൾ ലോർഡ് മേയർ റിച്ചാർഡ് കേമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ഈസ്റ്റർ, വിഷു, ഈദ് എന്നീ മൂന്ന് പ്രധാന ആഘോഷങ്ങളെ ഒരുമിപ്പിച്ച് ഇത്രയും ഭംഗിയായും ചിട്ടയായും വിജയകരമായും സംഘടിപ്പിച്ച ലിമയുടെ പ്രവർത്തനങ്ങളെ ലോർഡ് മേയർ റിച്ചാർഡ് ചാൾസ് കെമ്പ് മുക്തകണ്ഠം പ്രശംസിച്ചു. മലയാളികൾ നല്ലൊരു സമൂഹമായി ഈ നാടിന്റെ വളർച്ചയ്ക്ക് നൽകുന്ന സംഭാവനകളെ മേയർ അഭിനന്ദിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെഴ്‌സി സൈഡിലെ മലയാളി സമൂഹത്തിന് മികച്ചൊരു ഒത്തുചേരലും കലാസാംസ്കാരികാനുഭവവും സാധ്യമാക്കിയ ലിമയുടെ സംഘാടന മികവിനെ പ്രശംസിച്ച മേയേഴ്സ് ആൽഡർ വുമൺ കുട്ടികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ലിമ പ്രസിഡണ്ട് സോജൻ തോമസിന്റെ അധ്യക്ഷതയ്യിൽ സെക്രട്ടറി ആതിര ശ്രീജിത് സ്വാഗതം ആശംസിച്ചു.

ലിവർപൂളിലെ കഴിവുറ്റ കലാകാരന്മാർ അവതരിപ്പിച്ച മികച്ച നൃത്തങ്ങൾ, സ്കിറ്റുകൾ, മനോഹരമായ ഗാനങ്ങൾ എന്നിവ നിറഞ്ഞ സദസ്സിന്റെ നിരന്തരമായ പ്രോത്സാഹനം നേടി. 25 വർഷത്തെ കമ്മ്യൂണിറ്റി സേവനത്തിന്റെ അനുഭവപരിചയമാണ് ഇത്രയും മികച്ച രീതിയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ ലിമയ്ക്ക് സഹായകമായതെന്ന് പലരും അഭിപ്രായപ്പെട്ടു. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് രുചികരവും വിഭവസമൃദ്ധവുമായ ഭക്ഷണവും ലിമ ഒരുക്കിയിരുന്നു.

ഈ സംഗമം കേവലം ആഘോഷങ്ങൾക്കപ്പുറം, ലിവർപൂളിലെ മലയാളി സമൂഹങ്ങൾക്കിടയിൽ, പരസ്പരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ അംഗങ്ങളെ സമൂഹത്തിലേക്ക് ചേർത്ത് നിർത്താനുമുള്ള ലിമയുടെ കാഴ്ചപ്പാടിന് അടിവരയിടുന്നതായിരുന്നു.