ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗേറ്റ്‌സ്‌ഹെഡിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു ആൺകുട്ടി മരിച്ചതിനെ തുടർന്ന് 11 നും 14 നും ഇടയിൽ പ്രായമുള്ള പതിനാല് കുട്ടികളെ നരഹത്യ സംശയിച്ച് അറസ്റ്റ് ചെയ്തതായി നോർത്തുംബ്രിയ പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ 11 ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഗേറ്റ്‌സ്‌ഹെഡിലെ ബിൽ ക്വേ പ്രദേശത്തെ ഒരു വ്യവസായ പാർക്കിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം ഏകദേശം 8 മണിയോടെയാണ് തീപിടുത്തമുണ്ടായത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നോർത്തുംബ്രിയ പോലീസും ടൈൻ ആൻഡ് വെയർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസും നടത്തിയ തിരച്ചിലിനെ തുടർന്ന് 14 വയസ്സുള്ള ലെയ്‌ടൺ കാറിന്റേതെന്ന് കരുതുന്ന ഒരു മൃതദേഹം കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടന്നും അവർക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ പിന്തുണയുണ്ടന്നും പോലീസ് പറഞ്ഞു. അന്വേഷണങ്ങൾ പ്രാരംഭ ഘട്ടത്തിലാണെന്നും ഓൺലൈനിലോ സമൂഹമാധ്യമങ്ങളിലൊ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു എന്നും പോലീസ് വക്താവ് കൂട്ടിച്ചേർത്തു.


ഇത് വളരെ ദാരുണമായ ഒരു സംഭവമാണെന്നും ഒരു ആൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടു എന്നും
നോർത്തംബ്രിയ പോലീസിലെ ഡിസിഐ ലൂയിസ് ജെങ്കിൻസ് പറഞ്ഞു. സംഭവത്തിൻ്റെ പിന്നിലെ ചുരുളഴിക്കാൻ പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണ്. സംഭവത്തെ കുറിച്ച് ഏതെങ്കിലും തരത്തിൽ വിവരം ഉള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.