ന്യൂസ് ഡെസ്ക്, മലയാളം യുകെ
2025 മെയ് 5 മുതൽ മെയ് 8 വരെ നാല് ദിവസത്തെ പരിപാടികളോടെ യുണൈറ്റഡ് കിംഗ്ഡം വിക്ടറി ഇൻ യൂറോപ്പ് (VE) ദിനത്തിന്റെ 80-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി യുകെ. മെയ് 5 തിങ്കളാഴ്ച സെൻട്രൽ ലണ്ടനിൽ നടക്കുന്ന മഹത്തായ സൈനിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുക. പാർലമെന്റ് സ്ക്വയറിന് പുറത്ത് വിൻസ്റ്റൺ ചർച്ചിലിന്റെ വിഖ്യാതമായ വിഇ ഡേ പ്രസംഗത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ചൊല്ലുന്നതിന് പിന്നാലെ, ഒരാൾ നൂറ് വർഷം പഴക്കമുള്ള കോമൺവെൽത്ത് വാർ ഗ്രേവ്സ് ടോർച്ച് ഫോർ പീസ് കൈമാറും.
ഹൗസ്ഹോൾഡ് കാവൽറി മൗണ്ടഡ് റെജിമെന്റും ദി കിംഗ്സ് ട്രൂപ്പും, റോയൽ ഹോഴ്സ് ആർട്ടിലറിയും നയിക്കുന്ന ഘോഷയാത്ര, ട്രാഫൽഗർ സ്ക്വയർ, സെനോട്ടാഫ് എന്നിവ കടന്ന് മാളിൽ നിന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് നീങ്ങും. റെഡ് ആരോസ്, ടൈഫൂൺ, എഫ്-35 യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെ നിലവിലുള്ളതും ചരിത്രപരവുമായ 23 സൈനിക വിമാനങ്ങളും രണ്ടാം ലോകമഹായുദ്ധകാലത്തെ റോയൽ എയർഫോഴ്സ് ബാറ്റിൽ ഓഫ് ബ്രിട്ടൻ മെമ്മോറിയൽ ഫ്ലൈറ്റിലെ വിമാനങ്ങളും ഉൾപ്പെടുന്ന ഒരു ഫ്ലൈപാസ്റ്റോടെയാണ് പരിപാടി സമാപിക്കുക.
രണ്ടാം ലോകമഹായുദ്ധത്തിൽ ജീവൻ വെടിഞ്ഞവരെ ആദരിക്കുന്നതിനായി ലണ്ടൻ ടവറിൽ 30,000 കടും ചുവപ്പ് നിറത്തിലുള്ള സെറാമിക് പോപ്പികൾ സ്ഥാപിക്കുന്നതാണ് അനുസ്മരണ ചടങ്ങിൻെറ പ്രധാന ആകർഷണം. മെയ് 8 വ്യാഴാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ രണ്ടാം ലോക മഹായുദ്ധ തലമുറയെ ആദരിച്ചുകൊണ്ട് ചാൾസ് രാജാവ് പങ്കെടുക്കുന്ന പരിപാടിയോടെ അനുസ്മരണ ചടങ്ങുകൾ അവസാനിക്കും. രാജ്യവ്യാപകമായി രണ്ട് മിനിറ്റ് മൗനാചരണവും സംഗീതകച്ചേരികൾ, പള്ളിയിലെ സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ കമ്മ്യൂണിറ്റി പരിപാടികളും ഈ ദിനത്തിൽ ഉണ്ടായിരിക്കും.
Leave a Reply