ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയും ഇന്ത്യയുമായി ഒപ്പുവച്ച വ്യാപാര കരാർ നയതന്ത്ര തലത്തിൽ കെയർ സ്റ്റാർമർ സർക്കാരിന് വൻ വിജയമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെ ഇതുവരെ ഒപ്പു വച്ചതിൽ ഏറ്റവും ആഴമേറിയതും സമഗ്രവുമായ വ്യാപാര കരാർ അല്ല ഇത്. പക്ഷേ കരാർ ഒപ്പുവയ്ക്കാൻ കണ്ടെത്തിയ സമയത്തിന് വളരെ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത് .
ട്രംപിന്റെ പുതിയ താരിഫ് നയം യുകെ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളെ വരിഞ്ഞു മുറുക്കുന്ന സമയത്താണ് പുതിയ വ്യാപാര കരാർ യാഥാർത്ഥ്യമായത്. അതു മാത്രമല്ല അമേരിക്ക, ജപ്പാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളുമായി വ്യാപാര കരാർ പ്രഖ്യാപിക്കുന്നതിന്റെ തിരക്കിലാണെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകൾ വിജയകരമായി പൂർത്തിയായതോടെ അന്താരാഷ്ട്ര വ്യാപാര യുദ്ധത്തിൽ യുകെ ഒരുപടി മുന്നിലാണെന്ന് സാമ്പത്തിക രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം യുകെ നടത്തിയ ഏറ്റവും വലുതും സാമ്പത്തികവുമായി പ്രാധാന്യമുള്ളതുമായ ഉഭയ കക്ഷി വ്യാപാര കരാർ എന്നാണ് സർക്കാർ വക്താവ് കരാറിനെ വിശേഷിപ്പിച്ചത്.
മൂന്നുവർഷം നീണ്ട കൂടിയാലോചനകൾക്ക് ഒടുവിലാണ് ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ വ്യാപാര കരാറിൽ എത്തിച്ചേരാൻ സാധിച്ചത്. ഇന്ത്യയുടെയും യുകെയുടെയും സാമ്പത്തിക വളർച്ചയ്ക്ക് നിർദ്ദിഷ്ട വ്യാപാര കരാർ ഒരു നാഴികക്കല്ലായി മാറും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യുകെ ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും ഇന്ത്യൻ കൊമേഴ്സ് മിനിസ്റ്റർ പീയുഷ് ഗോയലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിലാണ് വ്യാപാര കരാറിന് അന്തിമ രൂപം നൽകിയത്.
വ്യാപാര കരാർ നിലവിൽ വരുന്നതോടെ യുകെ കമ്പനികൾക്ക് ഇന്ത്യയിലേക്ക് മദ്യവും കാറുകളും മറ്റ് ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് എളുപ്പമാകും. ഇതോടൊപ്പം വസ്ത്രങ്ങൾ, പാദരക്ഷകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുകെയിലേയ്ക്കുള്ള കയറ്റുമതിയുടെ നികുതി കുറയുകയും ചെയ്യും. ഈ കരാർ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ യുകെയിലെ ജനങ്ങൾക്ക് പ്രയോജനം നൽകുന്നതാണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. കഴിഞ്ഞ വർഷം യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 42.6 ബില്യൺ പൗണ്ട് ആയിരുന്നു. കരാർ നിലവിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2040 ഓടുകൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 68 ബില്യൺ പൗണ്ടിൽ അധികം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Leave a Reply