ന്യൂസ് ഡെസ്ക്, മലയാളം യുകെ

റോയൽ നേവിയുടെ തലവനായ അഡ്മിറൽ സർ ബെൻ കീയെ സസ്‌പെൻഡ് ചെയ്‌തു. ഇതിന് പുറമെ, ഫസ്റ്റ് സീ ലോർഡ് എന്ന പദവിയിൽ നിന്ന് പിന്മാറാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച നടന്ന VE ദിനത്തിന്റെ 80-ാം വാർഷികാഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കാതിരുന്നത് പിന്നാലെയാണ് വാർത്ത പുറത്ത് വന്നത്. ഈ കാലയളവിൽ സെക്കൻഡ് സീ ലോർഡായ വൈസ് അഡ്മിറൽ മാർട്ടിൻ കോണൽ ആണ് തൽക്കാലികമായി നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം പരിപാടിയിൽ നിന്ന് മാറി നിന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

ലണ്ടൻ സർവകലാശാലയിലെ റോയൽ ഹോളോവേയിൽ നിന്ന് ബിരുദം നേടിയ ശേഷം 1984 ൽ യൂണിവേഴ്സിറ്റി കേഡറ്റായി റോയൽ നേവിയിൽ ചേർന്ന അഡ്മിറൽ സർ ബെൻ കീ ഹെലികോപ്റ്റർ എയർക്രൂ, പ്രിൻസിപ്പൽ വാർഫെയർ ഓഫീസർ എന്നീ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016 ഫെബ്രുവരിയിൽ വൈസ് അഡ്മിറലായി അദ്ദേഹം തൻെറ സേവനം ആരംഭിച്ചു. തുടർന്ന് റോയൽ നേവിയുടെ ഫ്ലീറ്റ് കമാൻഡറായും പിന്നീട് സംയുക്ത പ്രവർത്തനങ്ങളുടെ മേധാവിയായും സേവനമനുഷ്ഠിച്ചു. 2021 ൽ ഫസ്റ്റ് സീ ലോർഡ് ആയി നിയമിതനായി. എച്ച്എംഎസ് സാൻഡൗൺ, എച്ച്എംഎസ് അയൺ ഡ്യൂക്ക്, എച്ച്എംഎസ് ലങ്കാസ്റ്റർ, എച്ച്എംഎസ് ഇല്ലസ്ട്രിയസ് എന്നീ നാല് കപ്പലുകളെ നയിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

അഡ്മിറൽ സർ ബെൻ കീക്കെതിരെ റോയൽ നേവിയിൽ, പ്രത്യേകിച്ച് സബ്മറൈൻ സർവീസിൽ, നിന്ന് വ്യാപകമായ സ്ത്രീവിരുദ്ധത, ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, ആക്രമണം എന്നിവ പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം അദ്ദേഹം പരസ്യ ക്ഷമാപണം നടത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.