ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകമെമ്പാടും 740,000 ആളുകൾക്ക് ഓരോ വർഷവും ബ്രെയിൻ ട്യൂമർ കണ്ടെത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ പകുതിയും ക്യാൻസർ അല്ലാത്തവയാണ്. ബ്രെയിൻ ട്യൂമർ കണ്ടെത്തിയാൽ ശാസ്ത്രക്രിയയിലൂടെ സാമ്പിൾ എടുക്കുകയും തുടർന്ന് വിദഗ്ധ പരിശോധന നടത്തിയുമാണ് അർബുദ സാധ്യത തിരിച്ചറിയുന്നത്. നിലവിൽ യുകെയിൽ ഇത്തരം പരിശോധനകളുടെ പൂർണ്ണമായ ഫലം പുറത്തു വരുന്നതിന് എട്ട് ആഴ്ചയോ അതിൽ കൂടുതലോ കാലതാമസം എടുക്കുന്നുണ്ട്.
എന്നാൽ വെറും 24 മണിക്കൂറിനുള്ളിൽ ബ്രെയിൻ ട്യൂമർ സെല്ലുകളിൽ നിന്ന് ക്യാൻസർ സാധ്യത തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് നോട്ടിംഗ്ഹാം സർവകലാശാല . നിലവിലുള്ള ജനിതക പരിശോധനയ്ക്ക് തുല്യമായി ഈ പരിശോധനകൾക്കും ഏകദേശം 400 പൗണ്ട് ആണ് ചിലവാകുന്നത്. രോഗികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ 24 മണിക്കൂറുകൾക്കകം പൂർണ്ണമായും കൃത്യമായും തരംതിരിച്ചതായും പരമ്പരാഗത ജനിതക പരിശോധനകൾക്ക് തുല്യമായ വിജയനിരക്ക് ഉണ്ടെന്നും ഗവേഷകർ പറഞ്ഞു.
നോട്ടിംഗ്ഹാം സർവകലാശാലയിലെ പ്രൊഫ. മാത്യു ലൂസ് ആണ് ബ്രെയിൻ ട്യൂമർ ചികിത്സയിൽ വിപ്ലവകരമായ നേട്ടങ്ങൾക്ക് വഴിവെക്കുന്ന ഗവേഷണത്തിന് നേതൃത്വം വഹിച്ചത് . ഈ കണ്ടെത്തലുകൾ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് രോഗികൾക്ക് പ്രയോജനപ്പെടും. ന്യൂറോ-ഓങ്കോളജി ജേണലിൽ ആണ് ഇവരുടെ ഗവേഷണങ്ങളുടെ പൂർണ്ണമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണ പരിശോധനകൾക്ക് 24 മണിക്കൂറെടുക്കുമെങ്കിലും 76 ശതമാനം സാമ്പിളുകളിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ വിജയകരമായി രോഗനിർണ്ണയം നടത്താനായത് നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. രോഗനിർണ്ണയം വേഗത്തിലാക്കുന്നത് രോഗികൾക്ക് കീമോതെറാപ്പി പോലുള്ള ചികിത്സകൾ വേഗത്തിലാക്കാൻ സഹായിക്കും. വേഗത്തിലുള്ള രോഗനിർണയങ്ങൾ സ്വാഗതാർഹമാണെന്നും രോഗികൾക്ക് അനിശ്ചിതത്വത്തിന്റെ കാലഘട്ടം കുറയ്ക്കുമെന്നും ഇംപീരിയൽ കോളേജ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. മാറ്റ് വില്യംസ് പറഞ്ഞു.
Leave a Reply