ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഡോക്ടർമാർക്കും അധ്യാപകർക്കും ശമ്പള വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചു. ഈ രണ്ടു വിഭാഗത്തിൽ പെട്ടവർക്കും 4 ശതമാനം ശമ്പള വർദ്ധനവ് ആണ് നടപ്പിലാക്കുക. പേ റിവ്യൂ ബോഡികളിൽ നിന്നുള്ള ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ശമ്പള വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചത്.
4 ശതമാനം ശമ്പള വർദ്ധനവ് വിദ്യാഭ്യാസ യൂണിയനുകൾ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം ശമ്പള വർദ്ധനവ് നടപ്പിലാക്കാൻ സ്കൂൾ ബഡ്ജറ്റുകളിൽ മതിയായ ഫണ്ടില്ലെന്ന വിമർശനവും ഉയർന്നു വരുന്നുണ്ട്. എന്നാൽ ഡോക്ടർമാർ തങ്ങളുടെ ശമ്പള വർദ്ധനവിൽ തൃപ്തരല്ലെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. നിലവിലെ ശമ്പള വർദ്ധനവ് അപര്യാപ്തമാണെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) പറഞ്ഞു. അടുത്ത ആഴ്ച യൂണിയൻറെ നേതൃത്വത്തിൽ പണിമുടക്കിനെ കുറിച്ച് അഭിപ്രായ വോട്ടെടുപ്പ് നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ നേഴ്‌സുമാരും മിഡ്‌വൈഫുകളും ഉൾപ്പെടെയുള്ള മറ്റ് എൻഎച്ച്എസ് ജീവനക്കാർക്ക് 3.6% ചെറിയ വർദ്ധനവ് പ്രഖ്യാപിച്ചതിൽ വിവിധ നേഴ്സിംഗ് യൂണിയനുകൾ കടുത്ത അതൃപ്തിയിലാണ്. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) നേഴ്‌സുമാർക്ക് ഡോക്ടർമാരേക്കാൾ ചെറിയ വർദ്ധനവ് വാഗ്ദാനം ചെയ്തത് വിചിത്രമാണ് എന്നാണ് അഭിപ്രായപ്പെട്ടത്. നിലവിലെ ശമ്പള വർദ്ധനവിൽ അംഗങ്ങളുടെ അഭിപ്രായം അവലോകനം ചെയ്യാൻ നേഴ്സുമാരുമായി കൂടിയാലോചന നടത്താൻ വിവിധ യൂണിയനുകൾ നടപടി ആരംഭിച്ചു. ഭൂരിപക്ഷവും ശമ്പള വർദ്ധനവിൽ അസന്തുഷ്ടരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ വീണ്ടും നേഴ്സുമാരുടെ സമരം എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply