ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലും അയർലണ്ടിലും വൻ നിക്ഷേപങ്ങൾ നടത്താൻ കെ എഫ് സി പദ്ധതി ഇടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം 1.5 ബില്യൺ പൗണ്ടിന്റെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇത് മൂലം ബ്രിട്ടനിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഫ്രൈഡ് ചിക്കൻ ആൻഡ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ എഫ് സി അടുത്ത 5 വർഷത്തിനുള്ളിൽ നിക്ഷേപം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കെ എഫ് സി യുകെയിലെ പ്രവർത്തനങ്ങളുടെ 60 വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് നിക്ഷേപ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. നിലവിലുള്ള 1,000 ഔട്ട്‌ലെറ്റ് എസ്റ്റേറ്റ് വളർത്തുന്നതിനും നവീകരിക്കുന്നതിനുമായി 1.49 ബില്യൺ പൗണ്ട് നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ആണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുമ്പ് കെന്റക്കി ഫ്രൈഡ് ചിക്കൻ എന്നറിയപ്പെട്ടിരുന്ന കമ്പനി, യുകെയിലും അയർലൻഡിലും 500 പുതിയ റെസ്റ്റോറന്റുകൾ തുറക്കുന്നതിന് 466 മില്യൺ പൗണ്ട് നിക്ഷേപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
പുതിയ നിക്ഷേപത്തിന്റെ ഭാഗമായി നിലവിലുള്ള 200 ലധികം റസ്റ്റോറന്റുകൾ നവീകരിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട്. കമ്പനി വിപുലീകരണ, നവീകരണ പദ്ധതിയിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുകെയിലെയും അയർലൻഡിലെയും ബിസിനസിലും വിതരണ ശൃംഖലയിലുമായി 7,000-ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കമ്പനി പറഞ്ഞു. യുകെ ഫ്രൈഡ് ചിക്കൻ വിപണി പ്രതിവർഷം £3.1 ബില്യൺ മൂല്യമുള്ളതാണ്. കൂടാതെ പോപ്പീസ്, വിംഗ്‌സ്റ്റോപ്പ്, ഡേവ്‌സ് ഹോട്ട് ചിക്കൻ, സ്ലിം ചിക്കൻസ് എന്നിവയുൾപ്പെടെ സമീപ വർഷങ്ങളിൽ പുതിയ കമ്പനികൾ ഈ മേഖലയിൽ വൻ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. കെഎഫ്‌സിയും അതിന്റെ 27 ഫ്രാഞ്ചൈസി പങ്കാളികളും യുകെയിലും അയർലൻഡിലും മൊത്തം 33,500 പേർക്കാണ് ജോലി നൽകുന്നത്.
Leave a Reply