ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ യുകെ മലയാളി നേഴ്സ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ആർ.നായർ (39) മരിച്ച വിവരമാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്. സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് യുകെയിൽ നിന്ന് എത്തി ലീവെടുത്ത് മടങ്ങുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.
നേരത്തെ ഒമാനിൽ നഴ്സായിരുന്ന രഞ്ജിതയ്ക്ക് ഒരു വർഷം മുമ്പാണ് യുകെയിൽ നഴ്സായി ജോലി ലഭിച്ചത്.
ഇന്നലെയായിരുന്നു രഞ്ജിത വീട്ടിൽ നിന്ന് പോയത്. കൊച്ചിയിൽ നിന്ന് അഹമ്മദാബാദിലേക്ക് വിമാനം കയറി. അവിടെ നിന്ന് യു കെയിലേക്ക് പോകവേയായിരുന്നു ദുരന്തം. അമ്മയും മകനും മകളുമാണ് രഞ്ജിതയുടെ വീട്ടിലുള്ളത്. വീട് നിർമാണം നടന്നുകൊണ്ടിരിക്കെയാണ് ദുരന്തമെത്തിയത്.
രഞ്ജിത കോഴഞ്ചേരി ഗവൺമെന്റ് ആശുപത്രിയിലെ സ്റ്റാഫായിരുന്നു. അഞ്ച് വർഷത്തെ അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. മൂത്ത മകൻ പത്താം ക്ലാസിലാണ്. മകൾ ഏഴാം ക്ലാസിലും. രണ്ട് സഹോദരന്മാരുണ്ട്. രഞ്ജിതയുടെ പിതാവ് ഗോപകുമാർ നേരത്തെ മരിച്ചു.
വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായിയുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ വിമാന ദുരന്തമാണിത്. അഹമ്മദാബാദ് ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ദുരന്തത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും മരിച്ചു. രണ്ട് പൈലറ്റുമാർ, 10 ക്യാബിൻ ക്രൂ അംഗങ്ങൾ അടക്കം 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ 53 പേർ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ട് . ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രയ്ക്കിടെയാണ് വിജയ് രൂപാണി അപകടത്തിൽപ്പെട്ടത്.
Leave a Reply