ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൈപ്രസിൽ ചാരവൃത്തിയും ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ആരോപിച്ച് ഒരു ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്തു. ഇയാൾ ദ്വീപിലെ സൈനിക ക്യാമ്പിലെ രഹസ്യങ്ങൾ ഇറാനു വേണ്ടി ചോർത്തി നൽകിയതായാണ് സംശയിക്കുന്നത്. ഇയാൾ അസർബൈജാനി വംശജനാണെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡുകളുമായി ബന്ധമുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.

ഇന്നലെ പ്രതിയെ ഒരു ഡിസ്ട്രിക്ട് കോടതിയിൽ ഹാജരാക്കി എട്ടു ദിവസത്തേയ്ക്ക് കൂടി റിമാൻഡിൽ വെച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് സൈപ്രസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഈ മേഖലയിലെ യുകെയുടെ ഏറ്റവും പ്രധാനപ്പെട്ട സൈനിക താവളമാണ് RAF അക്രോതിരി. ഇറാന്റെ ആക്രമണങ്ങളിൽ നിന്ന് ഇസ്രയേലിനെ പ്രതിരോധിക്കാൻ മുമ്പ് ഇത് ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ നിലവിലെ സംഘർഷ സാഹചര്യത്തിൽ ഈ സൈനിക ക്യാമ്പിന് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ട്.

ഒരു ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സൈപ്രസിലെ അധികാരികളുമായി ബന്ധപ്പെട്ടിരുന്നു എന്നും സംഭവത്തെ കുറിച്ച് യുകെ വിദേശകാര്യ ഓഫീസ് പ്രതികരിച്ചു. ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ചാരവൃത്തിയും ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തതായി ദ്വീപിലെ പോലീസ് പറഞ്ഞു. ദേശീയ സുരക്ഷയെ മുൻനിർത്തി കൂടുതൽ ഒന്നും പറയുന്നില്ലെന്ന് അവർ പറഞ്ഞു. തന്ത്രപ്രധാനമായ ഒട്ടേറെ സൈനിക ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ബ്രിട്ടീഷ് സൈന്യം സൈപ്രസിലെ കേന്ദ്രം ഉപയോഗിക്കുന്നത്.











Leave a Reply