ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ വർഷത്തെ ആദ്യപകുതിയിൽ ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ 6 മാസത്തിനിടെ ചെറു ബോട്ടുകളിൽ ഏകദേശം 20000 പേരാണ് യുകെയിൽ എത്തിയത് . 2024 ലെ ആദ്യ ആറു മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 48 ശതമാനം വർദ്ധനവാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ജൂൺ 29, 30 തീയതികളിൽ മാത്രം ഏകദേശം 1500 ആളുകളാണ് യുകെയിൽ അനധികൃതമായി എത്തിയത്. ഹോം ഓഫീസ് പുറത്തുവിട്ട രേഖകളിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. അനധികൃത കുടിയേറ്റത്തിലെ വർദ്ധനവ് സർക്കാരിന് വൻ തിരിച്ചടിയാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രണ്ട് ദിവസത്തിനു ശേഷം ജൂലൈ നാലിന് സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെ പ്രതിപക്ഷം പുറത്തു വന്ന കണക്കുകൾ രാഷ്ട്രീയ ആയുധമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു അനധികൃത കുടിയേറ്റം കുറയ്ക്കുമെന്നത് .


തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മിക്ക പ്രശ്നങ്ങൾക്കും മുൻ സർക്കാരുകളെ കുറ്റപ്പെടുത്തുന്ന സമീപനമാണ് ലേബർ സർക്കാരിൻറെ മന്ത്രിമാർ അനുവർത്തിച്ചിരുന്നത്. എന്നാൽ അനധികൃത കുടിയേറ്റത്തിൻ്റെ പുറത്തുവരുന്ന കണക്കുകൾ സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കൺസർവേറ്റീവ് പാർട്ടി അധികാരത്തിലിരുന്ന 2023 – ലെ ആദ്യ ആറ് മാസത്തേക്കാൾ നിലവിലെ അനധികൃത കുടിയേറ്റ കണക്കുകൾ 75 ശതമാനം കൂടുതലാണ്. കാലാവസ്ഥ അനുകൂലമാകുന്നതും കൂടുതൽ മനുഷ്യ കള്ളക്കടത്തുകാർ സജീവമാകുന്നതുമാണ് അനധികൃത കുടിയേറ്റത്തിന്റെ വർദ്ധനവിന് കാരണമാകുന്നതെന്നാണ് സർക്കാർ പക്ഷം. മനുഷ്യ കടത്തുകാർക്കെതിരെ ഭീകരവിരുദ്ധ നിയമം പ്രയോഗിക്കുന്നതിനുള്ള നിയമ നിർമ്മാണവുമായി ലേബർ സർക്കാർ മുന്നോട്ടു പോകുകയാണ്. ഫ്രാൻസിൽ നിന്ന് യുകെയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന ഒരു കരാറിനെ കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ ഇരുരാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്.