ന്യൂസ് ഡെസ്ക്, മലയാളം യുകെ
വാക്‌സിനുകളെ കുറിച്ച് ശരിയായ അവബോധം ഇല്ലാതിരിക്കുക, അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങൾ കൊണ്ട് വാക്സിനേഷൻ ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവെന്ന് അധികൃതർ. വാക്സിനേഷനുകൾ എടുക്കുന്നതിനുള്ള ഭയത്തേക്കാൾ ഇത്തരത്തിലുള്ള തടസങ്ങൾ മാതാപിതാക്കളെ കൂടുതൽ നിരുത്സാഹപ്പെടുത്തുന്നതായി ശിശുരോഗ വിദഗ്ധർ പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ യുകെയിൽ വാക്‌സിൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ തോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് അഞ്ചാംപനി, വില്ലൻ ചുമ എന്നിവയുടെ പൊട്ടിപ്പുറപ്പെടലിന് കാരണമായിട്ടുണ്ട്.
2022 മുതൽ രാജ്യത്തെ 95 ശതമാനം കുട്ടികൾക്കും വാക്‌സിൻ നൽകുക ലക്ഷ്യം നേടാൻ യുകെയ്ക്ക് സാധിച്ചിട്ടില്ല. ഇതിന്റെ ഫലമായി അഞ്ചാംപനി പോലെ തടയാവുന്ന രോഗങ്ങൾ വീണ്ടും കണ്ടുവരാൻ തുടങ്ങിയിട്ടുണ്ട്. യുകെ പോലുള്ള ഒരു സമ്പന്ന രാജ്യത്ത് വാക്സിനേഷൻ നിരക്കുകളിലെ സ്ഥിരമായ ഇടിവ് ആശങ്കാജനകമാണെന്ന് റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.
വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള നിരവധി തടസങ്ങൾ കണക്കുകൾ കുറയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജിപി സർജറികളിൽ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ, അപ്പോയിന്റ്മെന്റുകൾക്കായി സമയം ലഭിക്കാത്തത്, വാക്സിനുകളെ കുറിച്ച് ചോദിക്കാൻ ജിപിയോടോ നേഴ്‌സിനോടോ സംസാരിക്കാൻ കഴിയാത്തത് തുടങ്ങിയവയാണ് സാധാരണയായി ആളുകളെ വാക്സിൻ എടുക്കുന്നതിൽ നിന്ന് പിന്നോക്കം വലിക്കുന്നത്. വാക്സിനുകൾ ബുക്ക് ചെയ്യുന്നതിനും, വാക്സിനേഷൻ സേവനങ്ങൾ ലഭിക്കുന്നതിനും എൻഎച്ച്എസ് ആപ്പുകൾ കൂടുതൽ ജനപ്രീയമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Leave a Reply