ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിൽ അംഗമാകുകയോ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയോ ചെയ്താൽ ക്രിമിനൽ കുറ്റമാകും. ഭീകരവിരുദ്ധ നിയമങ്ങൾ പ്രകാരം ഗ്രൂപ്പിൻറെ വിലക്ക് തടയുന്നതിനുള്ള അവസാന നിമിഷനീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇത് സാധ്യമായത്. യുകെയിലെ ഇസ്രായേലി ആയുധ ഫാക്ടറികളെയും അവയുടെ വിതരണ ശൃംഖലയെയും പ്രധാനമായും ലക്ഷ്യമിടുന്ന പലസ്തീൻ ആക്ഷനെതിരെയുള്ള നിരോധനം ഈ ആഴ്ച പാർലമെന്റ് അംഗീകരിച്ചിരുന്നു. എന്നാൽ ഗ്രൂപ്പിന്റെ സഹസ്ഥാപകയായ ഹുദ അമ്മോറിക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകർ അത് പ്രാബല്യത്തിൽ വരുന്നത് തടയാൻ അവസാന നിമിഷ ശ്രമങ്ങൾ കോടതിയിൽ നടത്തിയിരുന്നു.
ഇതോടെ ഭീകരവാദ നിയമപ്രകാരം നിരോധിക്കപ്പെടുന്ന യുകെയിലെ ആദ്യത്തെ പ്രതിഷേധ ഗ്രൂപ്പായി പാലസ്തീൻ ആക്ഷൻ മാറും. ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ ആക്ഷൻ എന്നിവയുടെ കൂട്ടത്തിൽ പാലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തും. പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നേരെത്തെ വ്യകതമാക്കിയിരുന്നു . ഓക്സ്ഫോർഡ്ഷയറിലെ ആർഎഎഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടന പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത് .
യുകെയുടെ പ്രതിരോധ സംരംഭങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് നിർണ്ണായകമാണെന്നും ആ സുരക്ഷയെ അപകടത്തിലാക്കുന്നവരെ ഈ സർക്കാർ വെച്ചു പൊറുപ്പിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നടപടികൾ പാലസ്തീൻ ആക്ഷന് മാത്രമാണെന്നും നിയമപരമായ പ്രതിഷേധ ഗ്രൂപ്പുകളെയും മിഡിൽ ഈസ്റ്റിനെ കുറിച്ച് പ്രചാരണം നടത്തുന്ന മറ്റുള്ളവരെയും ബാധിക്കുന്നില്ലെന്നും അവർ പറഞ്ഞു. പാലസ്തീൻ അനുകൂല ഗ്രൂപ്പുകൾ, ഇസ്രായേൽ ഗവൺമെന്റിന്റെ നടപടികളെ എതിർക്കുന്നവർ, യുകെയുടെ വിദേശനയത്തിൽ മാറ്റങ്ങൾ ആവശ്യപ്പെടുന്നവർ എന്നിവരുൾപ്പെടെ സമാധാനപരമായി പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തുടരാൻ കഴിയേണ്ടത് വളരെ പ്രധാനമാണ് എന്ന് കൂപ്പർ പറഞ്ഞു.
Leave a Reply