ന്യൂസ് ഡെസ്ക്, മലയാളം യുകെ
174 സീറ്റുകളുടെ ഭൂരിപക്ഷം നേടി കൺസർവേറ്റീവ് പാർട്ടിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ലേബർ പാർട്ടി ചരിത്രപരമായി വിജയം നേടിയിട്ട് ഒരു വർഷം പൂർത്തിയായി. പ്രകടനപത്രികയിലും തുടർന്ന് അധികാരത്തിലെത്തിയപ്പോഴും സർക്കാർ എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്നും 5 വർഷത്തെ ഭരണത്തിന്റെ നാഴിക കല്ലുകൾ എന്തായിരിക്കുമെന്നുള്ള വ്യക്തമായ പദ്ധതികൾ ലേബർ പാർട്ടി സർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ അവതരിപ്പിച്ച പ്രധാന നയപരിപാടികളിൽ നേടിയ പുരോഗതി താരതമ്യേന കുറവാണെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നു വന്നിരിക്കുന്നത്.
ആരോഗ്യ മേഖലയിൽ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നായിരുന്നു ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ എൻഎച്ച്എസിൻ്റെ മെല്ലെപ്പോക്ക് തുടരുകയാണ്. എൻഎച്ച്എസ് ഇംഗ്ലണ്ട് പിരിച്ചുവിട്ടും ഭരണപരമായ നേതൃത്വം നൽകുന്ന സ്ഥാപനങ്ങൾ നിർത്തലാക്കിയും സർക്കാർ നടത്തുന്ന പരീക്ഷണങ്ങൾ എത്രമാത്രം ഫലപ്രാപ്തിയിൽ എത്തുമെന്ന് കാത്തിരുന്ന് കാണണം. ഇപ്പോഴും ജീവനക്കാരുടെ അഭാവത്തിൽ എൻഎച്ച്എസ് ശ്വാസം മുട്ടുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ദിനംപ്രതി ഉയർന്നു വരുന്നത്. എൻഎച്ച്എസിനെ താങ്ങിനിർത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർക്കുള്ള ശമ്പള വർദ്ധനവിൽ സർക്കാർ ചിറ്റമ്മ നയം സ്വീകരിക്കുന്നതായിട്ടുള്ള ആരോപണം ശക്തമാണ്.
അനധികൃത കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സർക്കാർ നടപടികൾ ഫലപ്രാപ്തിയിൽ എത്തിയില്ലെന്നുള്ള കണക്കുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. ഈ വർഷത്തെ ആദ്യപകുതിയിൽ ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ 6 മാസത്തിനിടെ ചെറു ബോട്ടുകളിൽ ഏകദേശം 20000 പേരാണ് യുകെയിൽ എത്തിയത് . 2024 ലെ ആദ്യ ആറു മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 48 ശതമാനം വർദ്ധനവാണ്. ജൂൺ 29, 30 തീയതികളിൽ മാത്രം ഏകദേശം 1500 ആളുകളാണ് യുകെയിൽ അനധികൃതമായി എത്തിയത്. ഹോം ഓഫീസ് പുറത്തുവിട്ട രേഖകളിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. അനധികൃത കുടിയേറ്റത്തിലെ വർദ്ധനവ് സർക്കാരിന് വൻ തിരിച്ചടിയാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒന്നാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ പ്രതിപക്ഷം ഈ കണക്കുകൾ രാഷ്ട്രീയ ആയുധമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു അനധികൃത കുടിയേറ്റം കുറയ്ക്കുമെന്നത് . തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മിക്ക പ്രശ്നങ്ങൾക്കും മുൻ സർക്കാരുകളെ കുറ്റപ്പെടുത്തുന്ന സമീപനമാണ് ലേബർ സർക്കാരിൻറെ മന്ത്രിമാർ അനുവർത്തിച്ചിരുന്നത്. എന്നാൽ അനധികൃത കുടിയേറ്റത്തിൻ്റെ പുറത്തുവരുന്ന കണക്കുകൾ സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കൺസർവേറ്റീവ് പാർട്ടി അധികാരത്തിലിരുന്ന 2023 – ലെ ആദ്യ ആറ് മാസത്തേക്കാൾ നിലവിലെ അനധികൃത കുടിയേറ്റ കണക്കുകൾ 75 ശതമാനം കൂടുതലാണ്. കാലാവസ്ഥ അനുകൂലമാകുന്നതും കൂടുതൽ മനുഷ്യ കള്ളക്കടത്തുകാർ സജീവമാകുന്നതുമാണ് അനധികൃത കുടിയേറ്റത്തിന്റെ വർദ്ധനവിന് കാരണമാകുന്നതെന്നാണ് സർക്കാർ പക്ഷം.
പണപ്പെരുപ്പം കുറഞ്ഞതിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതിലും സർക്കാരിന് ആശ്വസിക്കാം. എന്നാൽ സാധാരണക്കാരുടെ മേൽ കൂടുതൽ നികുതിഭാരം പ്രഥമ ബഡ്ജറ്റിൽ തന്നെ ചാൻസിലർ റേച്ചൽ റീവ്സ് അടിച്ചേൽപ്പിച്ചതായുള്ള ആക്ഷേപം ശക്തമാണ്. സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിനായി ക്ഷേമ ബില്ലുകൾ വൻ വെട്ടി കുറവിന് സർക്കാർ അവതരിപ്പിച്ച വെൽഫെയർ ബില്ലുകൾ പാർട്ടിയിലെ തന്നെ എതിർപ്പുകൊണ്ട് ഒട്ടേറെ മാറ്റങ്ങൾ വരുത്താൻ സർക്കാർ നിർബന്ധിതമായി. വിമത ശല്യം നേരിടുന്ന കെയർ സ്റ്റാർമർ ഒന്നാം വാർഷികം പൂർത്തിയാക്കുമ്പോൾ കടുത്ത അഗ്നി പരീക്ഷയെ ആണ് നേരിട്ടു കൊണ്ടിരിക്കുന്നത്. വിവാദപരമായ പല ബില്ലുകളും സഭയിൽ പാസാക്കുന്നതിനായി എംപിമാരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്ന സ്ഥിതിയിലാണ് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവർ. സർക്കാരിൻറെ രണ്ടാം വാർഷികത്തിന് മുൻപ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സ്ഥാനമൊഴിയേണ്ടി വരുമെന്നാണ് പാർട്ടിയിലെ അടക്കം പറച്ചിൽ.
കുടിയേറ്റം കുറയ്ക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയ പല നടപടികളും മിക്ക തൊഴിൽ മേഖലകളിലും തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്. കെയർ വിസ പൂർണ്ണമായും നിർത്തലാക്കിയത് ഈ മേഖലയിൽ വൻ പ്രതിസന്ധിക്ക് കാരണമാവും. ലേബർ പാർട്ടി സർക്കാരിൽ നിന്ന് പ്രതീക്ഷിച്ച രീതിയിലുള്ള പ്രവർത്തനഫലം കിട്ടാത്തതിനെ തുടർന്ന് കൂടുതൽ ആളുകൾ റീഫോം യുകെയിലേയ് ക്ക് ചേക്കേറുന്നതായുള്ള റിപ്പോർട്ടുകൾ സർക്കാരിൻറെ ഭാവി ശുഭസൂചകമായിരിക്കില്ലെന്ന സൂചനയായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
Leave a Reply